കൊച്ചി: വ്യാഴാഴ്ച പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന എയർ ഇന്ത്യ വിമാനത്തിലെ ​ജീവനക്കാർക്ക് മെഡിക്കൽ പരിശീലനം നൽകി. ​പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 12 പേർക്ക് കളമശ്ശേരി മെഡിക്കൽ കോളേജാണ് പരിശീലനം നൽകിയത്. 

പിപിഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്. സ്യൂട്ടുകള്‍ ധരിക്കുന്നതിനും പ്രോട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിനും ആവശ്യമായ പരിശീലനമാണ് നൽകിയത്. ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകളും നല്‍കി. എല്ലാവർക്കും ആർടിപിസിആർ പരിശോധനയും നടത്തി.

എറണാകുളം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ.ഗണേശ് മോഹന്‍, എ.ആര്‍.എം.ഒ ഡോ.മനോജ് ആന്റണി, ഡോ.ഗോകുല്‍ സജ്ജീവന്‍, വിദ്യ വിജയന്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്റ്റാഫ് നഴ്‌സ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ആവശ്യമെങ്കില്‍ ഇനിയും ഫ്‌ളൈറ്റ് ക്രൂവിന് പരിശീലനം നല്‍കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ വാഴയില്‍ അറിയിച്ചു.