കൊച്ചി\കോഴിക്കോട്‌: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവാരാനുള്ള രണ്ടു വിമാനങ്ങള്‍ യു.എ.ഇയിലേക്കു പുറപ്പെട്ടു. ആദ്യ വിമാനം ​നെടുമ്പാശ്ശേരി അ‌ന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണു പുറപ്പെട്ടത്. രണ്ടാമത്തേത് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും.

നെടുമ്പാശേരിയില്‍നിന്ന്‌ പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അ‌ബുദാബിയിൽനിന്ന് 177 പേരാണ് ഈ വിമാനത്തിൽ എത്തുക. 

ഉച്ചയ്ക്ക് 1.40-നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്നത്. ദുബായിയില്‍ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം കരിപ്പൂരില്‍നിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരില്‍ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

മാല ദ്വീപിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള കപ്പൽ മാല ദ്വീപിലെത്തി. നാവികസേനയുടെ ഐഎൻഎസ് ജലാശ്വ എന്ന കപ്പലാണ് മാല ദ്വീപിൽ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാകും കപ്പൽ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണ് വിവരം. ഐഎൻഎസ് മഗർ എന്ന മറ്റൊരു കപ്പലും മാല ദ്വീപ് ദൗത്യത്തിനുണ്ട്.

Airport
സാമൂഹിക അ‌കലം പാലിക്കാൻ എയർപോർട്ടിൽ മാർക്ക് ചെയ്തിരിക്കുന്നു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അ‌റിയിച്ചു. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ - 73, പാലക്കാട്  - 13, മലപ്പുറം - 23, കാസർകോട് - 1, ആലപ്പുഴ -15, കോട്ടയം - 13, പത്തനംതിട്ട - 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.

എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അ‌വരവരുടെ ജില്ലകളിലാകും ക്വാറ​ന്റൈൻ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നവരിൽ ജില്ലയിലെ 25 പേരെയും കാസർകോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറ​ന്റൈൻ ചെയ്യും. എയർപോർട്ടിലെ പരിശോധനയിൽ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.

പ്രവാസികളുമായി ഇന്ന് രണ്ടു വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. കൊച്ചിയിൽ എത്തുന്നത് കൂടാതെ ദുബായിൽ നിന്നുള്ള മറ്റൊരു വിമാനം രാത്രി പത്തരയോടെ കരിപ്പൂരിലെത്തും. 170 പേരാണ് ഈ വിമാനത്തിൽ വരുന്നത്.

content highlights: expats return air india flight departed from nedumbassery airport