കൊച്ചി: വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറ​​ന്റൈൻ സംബന്ധിച്ച് എത്രയും വേഗത്തിൽ വ്യക്തത വരുത്തണമെന്ന് ​ഹൈക്കോടതി. ഇതുസംബന്ധിച്ച് കേന്ദ്ര മാനദണ്ഡങ്ങളും സംസ്ഥാനത്തെ രീതികളും തമ്മിൽ ​വൈരുധ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.

വിദേശത്തുനിന്ന് വരുന്നവർ 14 ദിവസം സർക്കാർ ക്വാറ​ന്റൈനിൽ കഴിയണമെന്നാണ് കേന്ദ്ര മാനദണ്ഡം. എന്നാൽ, കേരളത്തിൽ 7 ദിവസം സർക്കാർ ക്വാറ​ന്റൈനു ശേഷം പരി​ശോധന നടത്തി രോഗമില്ലെങ്കി​ൽ അ‌ടുത്ത 7 ദിവസം ഹോം ക്വാറ​ന്റൈൻ അ‌നുവദിക്കുകയാണ് ചെയ്യുന്നത്.

ഡോ. ബി.ഇക്ബാൽ അ‌ധ്യക്ഷനായ വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണ് സംസ്ഥാനം ഈ രീതി സ്വീകരിച്ചിരിക്കുന്നതെന്നും ഇളവ് അ‌നുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിനായി ഹാജരായ അ‌ഡീഷണൽ അ‌ഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ പറഞ്ഞു.

അ‌തേസമയം, കേരളത്തിന്റെ ആവശ്യം പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര അ‌ഭിഭാഷകൻ വ്യക്തമാക്കി. വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സർക്കാർ തീരുമാനം എന്തായാലും സംസ്ഥാനം അ‌ംഗീകരിക്കണമെന്നും അ‌ഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 

ഈ സാഹചര്യത്തിലാണ് തീരുമാനം വേഗത്തിലാക്കണമെന്ന് ​ഹൈക്കോടതി ആവശ്യപ്പെട്ടത്.