മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓരോ സര്‍വേയും വ്യത്യസ്ത ഫലമാണ് പറയുന്നത്. ഇതുതന്നെ സര്‍വേകളുടെ നിരര്‍ത്ഥകതയ്ക്ക് തെളിവാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സര്‍വേയ്ക്ക് സമാനമായി ഇത്തവണത്തെ സര്‍വേ ഫലവും തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സര്‍വേ ഫലങ്ങള്‍ കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്. യുഡിഎഫ് വലിയ ജയം നേടും. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളത്. മേയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ ഇതു മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 

സര്‍വേ ഫലങ്ങളെ ആശ്രയിക്കാന്‍ പാടില്ലെന്ന് പരസ്പര വിരുദ്ധമായ സര്‍വേകള്‍ തന്നെ തെളിയിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ മറവില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളാകാം സര്‍വേകളെന്നും അദ്ദേഹം ആരോപിച്ചു. 

കൗണ്ടിങ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്മവിശ്വാസം കുറയ്ക്കാനും സര്‍വേ കാരണമാകും. നീതിയുക്തമായ തിരഞ്ഞെടുപ്പിന് സര്‍വേകള്‍ തടസമായി മാറി. വോട്ടെണ്ണല്‍ സമയത്ത് കൃത്രിമം നടക്കാതിരിക്കാന്‍ യുഡിഎഫ് കൗണ്ടിങ് ഏജന്റുമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആദ്ദേഹം പറഞ്ഞു. 

content highlights: exit poll results are incorrect, udf will win - pk kunhalikutty