കോഴിക്കോട്: സ്വന്തം ആവശ്യത്തിന് വീടുകളില്‍ വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന്‍ ഐ.പി.എസ്. വീട്ടില്‍ വൈന്‍ നിര്‍മിക്കുന്നത് കുറ്റകരമാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ (മാതൃഭൂമിയില്‍ അല്ല) വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിക്കുകയായിരുന്നു എക്‌സൈസ് കമ്മീഷണര്‍.

വൈന്‍ നിര്‍മിച്ച് നല്‍കുമെന്ന തരത്തിലുള്ള ചില പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ വീടുകളിലെ വൈന്‍ നിര്‍മാണത്തിലും  പ്രത്യേക ശ്രദ്ധയുണ്ടാവണമെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിനെ നിരോധനം എന്ന തലത്തിലേക്ക് മാറ്റി വ്യാജ പ്രചാരണം നടത്തുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.

വൈന്‍ നിര്‍മിച്ച് പുറത്തു നല്‍കുക എന്നത് അനുവദിക്കാന്‍ പറ്റാത്ത കാര്യമാണ്. മാത്രമല്ല വൈനില്‍ ആല്‍ക്കഹോള്‍ കലര്‍ത്തി പുറത്ത് കൊടുക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും നിയമ വിരുദ്ധമാണ്. പക്ഷെ  ഇത് ഓരോ വീടുകളിലുമെത്തി പരിശോധിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്വം വീട്ടുകാര്‍ക്ക് തന്നെയായിരിക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. 

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ മദ്യത്തിന്റേയും ലഹരി വസ്തുക്കളുടേയും ഉപയോഗം വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ശക്തമായ പരിശോധയ്ക്ക് ഇത്തവണ എക്‌സൈസ് തയ്യാറെടുക്കുന്നുണ്ട്. ഇതിനായി ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി അഞ്ചുവരെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഡ്രൈവിന് എക്‌സൈസ് നേതൃത്വം നല്‍കും.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ തങ്ങളുടെ ജില്ലയെ മൂന്നോ നാലോ മേഖലയായി തിരിച്ച് ഒരോ മേഖലയിലും ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ രൂപവത്കരിക്കും. ഇവരായിരിക്കും രഹസ്യമായി കാര്യങ്ങള്‍ നിരീക്ഷിച്ച് റെയ്ഡുകള്‍ക്കും മറ്റ് പരിശോധനകള്‍ക്കും നേതൃത്വം നല്‍കുക. ഇതിന് പുറമെ അബ്കാരി, എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട മുന്‍ കുറ്റവാളികളെത്തുറിച്ച് പ്രത്യേക അന്വേഷണം നടത്താനും ഉത്തരവിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മുഴുവന്‍ സമയവും ബോര്‍ഡര്‍ പട്രോളിംഗ് ശക്തിപ്പെടുത്തും. വാഹന പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: exise commissioner- making wine at home, abkari act