
പ്രതീകാത്മക ചിത്രം | Getty Images
തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സരാഘോഷവേളയില്‍ എക്സൈസ് വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി റെക്കോഡ് ലഹരിവേട്ടയാണ് നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. 2021 ഡിസംബര്‍ നാല് മുതല്‍ 2022 ജനുവരി മൂന്ന് വരെയാണ് ക്രിസ്തുമസ്- പുതുവല്‍സര ആഘോഷങ്ങള്‍ പ്രമാണിച്ച് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇതിനകം 358 എന്‍ഡിപിഎസ് കേസുകളും 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എംഡിഎംഎ, 453 ഗ്രാം ഹാഷിഷ് ഓയില്‍, 264 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍, 40 ഗ്രാം മെത്താംഫിറ്റമിന്‍, 3.8 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 13.4 ഗ്രാം ഹെറോയിന്‍, 543 ലിറ്റര്‍ വാറ്റ് ചാരായം, 1072 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റര്‍ ഐഎംഎഫ്എല്‍, 33,939 ലിറ്റര്‍ കോട എന്നിവ കണ്ടെടുത്തു.
ഇതിന് പുറമെ അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പോലീസിന് കൈമാറി. തമിഴ്നാട് അതിര്‍ത്തിയില്‍ നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തമിഴ്നാട് പ്രൊഹിബിഷന്‍ വിങ്ങുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്നാട് പ്രൊഹിബിഷന്‍ വിങ്ങിന് കൈമാറി. ഇതൊക്കെ എക്സൈസ് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് വേലന്താവളം എക്സൈസ് ചെക്ക് പോസ്റ്റില്‍കൂടി കാറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 188 കിലോഗ്രാം കഞ്ചാവ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ 69 ഗ്രാം എംഡിഎംഎ കണ്ടെത്തി. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്ന് ലോറിയിലും പിക്കപ്പ് വാനിലുമായി കടത്താന്‍ ശ്രമിച്ച 220.2 കിലോഗ്രാം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍ പിടികൂടി.
ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത്തരത്തിലുള്ള പാര്‍ട്ടികള്‍ വ്യാപകമായി പരിശോധിച്ചു. തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടിലെ ഡിജെ പാര്‍ട്ടിയില്‍ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയില്‍, സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍ പെടുന്ന എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.
പാര്‍സല്‍ സര്‍വീസ് വഴിയും കുറിയര്‍ സര്‍വീസ് മുഖേനയും മയക്കുമരുന്നുകള്‍ വ്യാപകമായി അയക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ ഭാഗമായി നിരീക്ഷണം ശക്തിപ്പെടുത്തി. ഈ വഴി അയച്ച 13.4 കിലോഗ്രാം കഞ്ചാവ് പാറശ്ശാലയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..