കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയ ആലുവയിലെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന് വധഭീഷണി. ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് സന്ദേശം വന്നത്. സ്പെഷ്യല്‍ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.

മയക്കുമരുന്ന് കടത്തിനെ കുറിച്ച് എക്സൈസിന് വിവരങ്ങള്‍ നല്‍കിയ ആള്‍ക്കാണ് സന്ദേശം വന്നത്. സന്ദേശത്തിന്റെ ഉറവിടം മുംബൈ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളം കടത്താനായി കൊണ്ടുവന്ന എംഡിഎംഎ എന്ന മയക്കുമരുന്ന് എക്സൈസ് സംഘം പിടികൂടിയത്. മാസങ്ങളായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് മയക്കുമരുന്ന് പിടികൂടിയത്. 

മയക്കുമരുന്നുമായെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരും പിടിയിലായിട്ടുണ്ട്. ഇവര്‍ ഇതിനുമുമ്പ് പലതവണ മയക്കുമരുന്ന് കടത്തിയിട്ടുള്ളയതായി സമ്മതിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ആലുവ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയത്. അഞ്ചു കിലോ വരുന്ന എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ മുപ്പത് കോടിയിലേറെ വിലവരും.

വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച എംഡിഎംഎയാണ് പിടികൂടിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. റഷ്യയില്‍ നിര്‍മിക്കുന്ന ലഹരിമരുന്ന് അഫ്ഗാന്‍ വഴി കശ്മീരിലെത്തിച്ച്, അവിടെ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നത്.

കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് വന്‍സംഘം പ്രവര്‍ത്തിക്കുന്നതായാണ് സംശയം. മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗങ്ങള്‍ പിടിയിലായി മണിക്കൂറുകള്‍ക്കകം തന്നെ ഇവര്‍ക്കായി അഡ്വ. ബി.എ.ആളൂരാണ് ഹാജരായത്.

കുവൈത്തിലുള്ള മലയാളിയായ 'ഭായി' എന്ന് വിളിക്കുന്നയാളാണ് മയക്കുമരുന്ന് കടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്തിന് ഭീകരവാദ ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.

സംഭവത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്. എക്സൈസില്‍ നിന്നും ഐ ബി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

content highlights: Excise officials gets threatening call after seizing drug from nedumpasseri