മലപ്പുറം: ആയുധങ്ങള്‍ കണ്ടെത്തിയ ഭാരതപ്പുഴയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന. രണ്ടു തവണകളായി നിരവധി വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെടുത്ത പ്രദേശത്താണ് വീണ്ടും പരിശോധന നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതു മണിയോടെയാണ് പരിശോധന തുടങ്ങിയത്.

കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തുന്നത്. ഒരു ഭാഗത്ത് പതിനഞ്ചോളം പേരടങ്ങിയ ബോംബ് സ്‌ക്വാഡ് സംഘവും പരിശോധ നടത്തുന്നുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. ഇതിനിടെ അന്വേഷണ സംഘം വിവിധയിടങ്ങളിലായി ക്യാമ്പ് ചെയ്ത് ആയുധങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിച്ച് വരുന്നുണ്ട്‌.

ഒരാഴ്ചയ്ക്ക് മുമ്പ് ക്ലേമോര്‍ മൈനുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച ഭാരതപ്പുഴയില്‍ നിന്ന് അഞ്ഞൂറിലധികം വെടിയുണ്ടകള്‍ ഉള്‍പ്പെടെയുള്ള ആയുധ സാമഗ്രികള്‍ കണ്ടെത്തിയിരുന്നു. മൈനുകള്‍ കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് തന്നെയാണ് വെടിയുണ്ടകളും മറ്റും ലഭിച്ചിരുന്നത്. ഇവിടെ ഇനിയും ആയുധങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാനാണ് ഇന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്തില്‍ പരിശോധന നടത്തുന്നത്.