കോഴിക്കോട്:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

2001-ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ ടൂറിസം-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു പി. ശങ്കരന്‍. 1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മലാപ്പറമ്പിലെ 'രാജീവം' വീട്ടിലായിരുന്നു താമസം. യു.ഡി.എഫ്. ജില്ലാചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി (കോയിന്‍സ്) പ്രസിഡന്റുമാണ്.

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടില്‍ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബര്‍ രണ്ടിനാണ് ജനനം. ഭാര്യ: വി. സുധ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട്). മക്കള്‍: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എന്‍ജിനിയര്‍, ദുബായ്). മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും അമേരിക്ക), ദീപ്തി. സഹോദരങ്ങള്‍: പരേതനായ ഗോപാലന്‍ നായര്‍, പരേതനായ കെ. രാഘവന്‍ (കോണ്‍ഗ്രസ് മുന്‍ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ്), കല്യാണിയമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകി(മൊകേരി).

Content Highlights: ex minister p sankaran passes away