തിരുവനന്തപുരം:  അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കെ.സി.വേണുഗോപാല്‍. പാര്‍ട്ടി നേതൃത്വം പറയുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. പ്രയാസങ്ങള്‍ കേള്‍ക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. തനിക്ക് ഗ്രൂപ്പില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അഭിവാജ്യഘടകങ്ങളാണെന്ന് പറഞ്ഞ കെ.സി. വേണുഗോപാല്‍ കേരളത്തില്‍ സിപിഎമ്മും ബിജെപിയും പര്‍വ്വതീകരിക്കുന്നതുപോലെ കോണ്‍ഗ്രസ്സിനുള്ളില്‍ ഒരു കലാപവും നടക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പറഞ്ഞു. ദൗര്‍ബല്യങ്ങളെ മറികടന്ന് കെ.സുധാകരന്‍ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

കേരളത്തിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് പാര്‍ട്ടി ശക്തിപ്പെടണമെന്നാണ്. അതിനാണ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യപരിഗണന നല്‍കുന്നത്. എന്നാല്‍ എന്തെങ്കിലും അഭിപ്രായം പറയുന്നവരെയും അതിനൊപ്പം നില്‍കുന്നവരെയും ഇല്ലായ്മ ചെയ്യുക എന്നുള്ള സിപിഎം ശൈലിയല്ല കോണ്‍ഗ്രസിനുള്ളതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.  

അതേസമയം തനിക്കെതിരെ പരാതിപ്പെട്ടവര്‍ മുതിര്‍ന്ന നേതാക്കളല്ലെയെന്നും അവരോട് തനിക്ക് ഒരു പരാതിയുമില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവ് താരീഖ് അന്‍വര്‍ പറഞ്ഞു. 

Content Highlights: Everyone in congress has the freedom of speech unlike cpm says kc venugopal