
പ്രതീകാത്മക ചിത്രം | AP
കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദപദ്ധതിേരഖ തയ്യാറാക്കിയ സിസ്ട്ര എന്ന ഏജന്‍സിക്ക് എതിരേ യൂറോ കംപ്ലയിന്‍സ് അന്വേഷണം തുടങ്ങി. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവ് പരിഗണിച്ച് അംഗീകാരം നല്കുന്ന ഏജന്‍സിയാണ് യൂറോകംപ്ലയിന്സ്. അഴിമതിരഹിതമായ നടത്തിപ്പും മറ്റും പരിഗണിച്ച് ഐ.എസ്.ഒ. 37001 സര്‍ട്ടിഫിക്കേഷനാണ് സിസ്ട്രയ്ക്ക് ഇവര്‍ നല്‍കിയത്.
ഒരു വലിയപദ്ധതിയുടെ അടിസ്ഥാനരേഖ തയ്യാറാക്കുമ്പോള്വേണ്ട മാനദണ്ഡങ്ങള്‍ സിസ്ട്ര പാലിച്ചില്ലെന്നുകാട്ടി, വിശദപദ്ധതിരേഖയില്‍ പഠനം നടത്തുന്ന എന്‍ജീനീയറിങ് വിദഗ്ധന്‍ ജയരാമന് ചില്ലയിലാണ് യൂറോ കംപ്ലയിന്സിനെ സമീപിച്ചത്. ആദ്യം നല്കിയ പരാതികളില്‍, യൂറോ കംപ്ലയിന്‍സ് ഇടപെടില്ലെന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍, യാത്രികരുടെ എണ്ണം, വരുമാനം, ഗേജ്, രൂപരേഖ എന്നിവയില്‍ വിവിധ പഠനറിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ ഉന്നയിച്ചതോടെയാണ് യൂറോ കംപ്ലയിന്‍സ് പരിശോധന നടത്തുമെന്ന് അറിയിച്ചത്.
വിഷയത്തില്‍ സിസ്ട്രയോട്, ഏജന്‍സി വിശദീകരണം ചോദിച്ചതായും വ്യക്തമാക്കുന്നു. വിശദമായ ആഭ്യന്തര അന്വേഷണം നടത്തിവരുന്നതായി സിസ്ട്രയുടെ മറുപടിയില്‍ പറയുന്നുണ്ട്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നതിന് വിശദമായ സാങ്കേതിക പരിശോധന നടത്തുമെന്നും വ്യക്തമാക്കുന്നു. സിസ്ട്രയുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകുമെന്ന് യൂറോ കംപ്ലയിന്‍സ് അറിയിച്ചിട്ടുണ്ട്.
ആക്ഷേപങ്ങള്‍
- വിശദപദ്ധതിരേഖയില്‍ അടിസ്ഥാനപ്രമാണമായി എടുത്തിട്ടുള്ളത് പ്രാഥമിക പദ്ധതിരേഖയും ഇന്ത്യന്‍ റെയില്‍വേ കോഡുമാണ്. എന്നാല്‍ ഇവ രണ്ടിനും വിരുദ്ധമായ വിവരങ്ങള്‍ ചേര്‍ത്താണ് വിശദപദ്ധതി രേഖ തയ്യാറാക്കിയത്.
- വിശദപദ്ധതിരേഖയുടെ ലക്ഷ്യങ്ങളായി പറയുന്ന 12 ഇനങ്ങള്‍ പൂര്‍ത്തിയാക്കിയില്ല. ഡി.പി.ആര്. അപൂര്‍ണം.
- ഭൗമശാസ്ത്രപഠനം, ജലപ്രവാഹപഠനം എന്നിവ അനിവാര്യം. പക്ഷേ, നടന്നില്ല.
- ഭൂവിവരങ്ങള്‍ പൂര്‍ണമല്ല.
- നിലവിലെ റെയില്‍വേ ലൈനുകളില്വരുന്ന മാറ്റങ്ങളില്‍ വ്യക്തതയില്ലായ്മ. നിലവിലെ സ്റ്റേഷനുകളില്‍ മാറ്റം ഉണ്ടാകുമോ എന്നതും കൃത്യമായി പറയുന്നില്ല.
- ട്രാഫിക് മാനേജ്മെന്റ് പ്ലാന്‍, സേഫ്ടി പ്ലാന്‍ എന്നിവയുടെ അഭാവം.
- വിശദമായ പാരിസ്ഥിതികാഘാത പഠനം നടന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..