കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന്‌ രക്ഷപ്പെടാനെന്ന പേരിൽ കാറിൽ സൈറൺ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സൈറൺ മുഴക്കി പോകുന്ന കാറിന്റെ വിഡിയോ യുവാക്കൾ എടുത്തതാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലൻസിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച് കാർ യാത്രക്കാരൻ പാഞ്ഞത്.

ആംബുലൻസ് അല്ലെന്ന്‌ മനസ്സിലാക്കിയ ചില യുവാക്കൾ കാറിനെ പിന്തുടർന്നു. ഇതിന്റെ വിഡിയോ പിടിച്ചതും വണ്ടിനമ്പറും കുറിച്ചെടുത്തതും ആർ.ടി.ഒ പി.എം. ഷബീറിന് അയച്ചുകൊടുത്തു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുക്കാട്ടുപടി സ്വദേശി അൻസാറാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തി പിഴ ചുമത്തി.

ആദ്യം വാഹനത്തിന്റെ ആർ.സി. ബുക്കിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് വെഹിക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഇയാളുടെ വീട്ടിലെത്തി. ആദ്യം കുറ്റം നിഷേധിച്ച അൻസാർ, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി ഓൺലൈനിലൂടെ സൈറൻ വാങ്ങി ഘടിപ്പിക്കുകയായിരുന്നെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.