കോഴിക്കോട് ചിൽഡ്രൻസ് ഹോം
കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോലീസ് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തിരിച്ചെത്തിച്ചത്. എന്നാല്‍ അവിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ കുട്ടികളിലൊരാള്‍ ജനല്‍ചില്ല് തകര്‍ത്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
റിപ്പബ്ലിക് ദിനത്തിലാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. ഇവരില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും ബാക്കിയുളളവരെ മൈസൂരിനു സമീപത്തുനിന്നും നിലമ്പൂര്‍ എടക്കരയില്‍നിന്നുമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്‌തെന്നാണ് കുട്ടികള്‍ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് കുട്ടികളുടെ മൊഴി.
തിരിച്ചെത്തിയ ആറു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഏറ്റെടുക്കുമെന്നറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പോകില്ലെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ സൗകര്യംചെയ്തു നല്‍കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..