കണ്ണിമലയിലെ അപകടത്തിൽ മരിച്ച ചെന്നൈ താമ്പരം സ്വദേശിനി സംഘമിത്രയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോൾ കരയുന്ന അച്ഛൻ രാമു | Photo: Mathrubhumi
ഗാന്ധിനഗര്‍: 'എന്റെ കുളന്തക്ക് എന്നാച്ച് സാര്‍'-ഇത് പറഞ്ഞ് തമിഴ്നാട് സ്വദേശിയായ രാമു നോക്കുന്നത് സേവാഭാരതിയിലെ ശ്രീനിവാസന്റെയും അഭയത്തിലെ മഹേഷിന്റെയും മുഖത്തേക്കാണ്. മകള്‍ സംഘമിത്ര മരിച്ചെന്ന വിവരം ഇരുവര്‍ക്കുമറിയാമെങ്കിലും അത് പറയാന്‍ സാധിക്കാതെ ആദ്യം പരസ്പരം നോക്കി.
മറുപടി വൈകിയപ്പോള്‍ രാമുവിന്റെ മുഖത്ത് ആശങ്ക. അവര്‍ അറിയാവുന്ന തമിഴില്‍ മകള്‍ സമീപത്തുള്ള കുട്ടികളുടെ ആശുപത്രിയിലാെണന്നും ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. 'അയ്യപ്പാ കാത്തോണെ' എന്ന ശരണ മന്ത്രത്തോടെ അവര്‍ പറഞ്ഞത് വിശ്വസിച്ച് വീല്‍ചെയറില്‍ ഇരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഘമിത്ര എരുമേലി ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്. രാമുവിന് തോളെല്ലിനാണ് പരിക്ക്. ഇത് ഗുരുതരമല്ല. മകളുടെ മരണവിവരം പിന്നീട് പിതാവിനെ അറിയിച്ചു.
തമിഴ്നാട് താംബരം സ്വദേശി രാമു (46) വിന്റെ മകള്‍ സംഘമിത്രയ്ക്ക് പത്ത് വയസാണ്. പരിക്കേറ്റ രാമു ഉള്‍പ്പെടെ ഒമ്പതുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒമ്പതുപേരെ എരുമേലി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല.
പോസ്റ്റുമോർട്ടം രാത്രിയിൽ
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ട് മരിച്ച സംഘമിത്രയുടെ പോസ്റ്റുമോർട്ടം നടത്തിയത് രാത്രിയിൽ. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിൽ പോസ്റ്റുമോർട്ടം തുടങ്ങിയത്. രാത്രിയിൽ പോസ്റ്റുമോർട്ടം നടത്താൻ അനുമതി ഉണ്ടെങ്കിലും അത്യപൂർവ്വമായി മാത്രമേ ചെയ്യാറുള്ളു. ജില്ലാ കളക്ടറും എസ്.പിയുമുൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഒൻപതരയോടെ പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. നിസാര പരിക്കുകൾ ഉള്ള ആറ് പേരെ രണ്ട് ആംബുലൻസുകളിലായാണ് കൊണ്ടുപോയത്.
Content Highlights: erumeli accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..