കൊച്ചി കോർപ്പറേഷൻ എറണാകുളം സൗത്ത് ഡിവിഷനിൽനിന്നും വിജയിച്ച പത്മജ എസ്. മേനോനെയും [നടുവിൽ], തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരികോവിൽ വാർഡുകളിൽനിന്ന് വിജയിച്ച വള്ളി രവി, രതി രാജു എന്നിവരെയും ബി.ജെ.പി. നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ, കെ. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചപ്പോൾ
കൊച്ചി: കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചു, എന്നിട്ടും പറ്റിയില്ല. എറണാകുളം സൗത്ത് ബി.ജെ.പി. വിട്ടുകൊടുത്തില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ എറണാകുളം സൗത്ത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് വലിയ ശ്രമമാണ് നടത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ വോട്ടില്‍ വര്ധനവരുത്താനെല്ലാം കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍, വിജയം അപ്പോഴും മാറിനിന്നു.
എറണാകുളം സൗത്ത് ഡിവിഷന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 271 വോട്ടിനായിരുന്നു ബി.ജെ.പി. കോണ്‍ഗ്രസില്‍നിന്ന് പിടിച്ചത്. അന്ന് ആകെ 1965 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത്. ഇക്കുറി വോട്ട് വര്‍ധിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളോ, പുതിയ പാര്‍ട്ടികളോ ഒന്നും മത്സരിക്കാനില്ലാതെ, മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍, 47 ശതമാനം മാത്രമാണ് പോളിങ് നടന്നത്. 2021 പേര് വോട്ടുചെയ്തതില്‍ ബി.ജെ.പി.ക്ക് 974 വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫിന് 899 വോട്ടും ഇടതുമുന്നണിക്ക് 328 വോട്ടും കിട്ടി. ബി.ജെ.പി.യുടെ ഭൂരിപക്ഷം എഴുപത്തഞ്ചിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
ഹൈബി ഈഡന് എം.പി., ടി.ജെ. വിനോദ് എം.എല്‍.എ. എന്നിവരെല്ലാം മണ്ഡലത്തില്‍ പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. നാലുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീടുകള്‍ കയറിയിറങ്ങി. വിജയിക്കുമെന്ന എല്ലാ പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍, നഗരഹൃദയത്തില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നപ്പോള്‍ ബി.ജെ.പി.ക്ക് വിജയം ഉറപ്പിക്കാനായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 195 വോട്ടിന് യു.ഡി.എഫ്. ഈ വാര്‍ഡില്‍ പിന്നിലായിരുന്നു.
ഓടിനടന്ന് വോട്ടുപിടിച്ച പത്മജ എസ്. മേനോന് ബി.ജെ.പി.യുടെ സീറ്റ് കൈവിട്ടുപോകാതെ കാത്തു. മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറിയായ പത്മജയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ബി.ജെ.പി. വിജയം ഉറപ്പിച്ചിരുന്നു. ഡിവിഷനില്‍ നല്ല വേരുകളുള്ള പത്മജയെ രംഗത്തിറക്കിയതുകൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും ബി.ജെ.പി.ക്ക് കരകയറാന്‍ സാധിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യമായി ലഭിച്ച ടാക്സ് അപ്പീല്‍ കമ്മിറ്റി ചെയര്മാന് സ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പി.ക്ക് എറണാകുളം സൗത്തിലെ ജയം അനിവാര്യമായിരുന്നു.
കൊച്ചി കോര്പ്പറേഷന് ഭരിക്കുന്ന ഇടതുപക്ഷത്തിന് നഗരഹൃദയത്തില്‍ വേരുകളില്ലെന്ന് തെളിയിക്കുന്നതായി ഉപതിരഞ്ഞെടുപ്പ്.
ബി.ജെ.പി.ക്ക് കിട്ടിയ പകുതിവോട്ടുപോലും പിടിക്കാന്‍ ഇടതുമുന്നണിക്കായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 281 വോട്ടുകിട്ടിയത് ഇക്കുറി 328 ആയി. ഉപതിരഞ്ഞെടുപ്പ് വരുമെന്നറിഞ്ഞിട്ടും ഡിവിഷന് പിടിക്കാനുള്ള മുന്നൊരുക്കങ്ങളൊന്നും ഇടതുപക്ഷം നടത്തിയില്ല. പുതിയ വോട്ടുകള്‍ ചേര്‍ക്കാന്‍ ഡിവിഷന് ഏറ്റെടുത്തിട്ടുള്ള സി.പി.ഐ.യുടെ ഭാഗത്തുനിന്നോ, മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ ഭാഗത്തുനിന്നോ ശ്രമങ്ങള്‍ ഉണ്ടായില്ല.
തോല്‍ക്കാനുള്ള യുദ്ധമായി കണ്ടുകൊണ്ടുതന്നെയാണ് ഇടതുപക്ഷം കളത്തിലിറങ്ങിയത്. മൂന്നാം നമ്പര്‍ ബൂത്തില്‍ വെറും ഇരുപത്തിനാല് വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയത്. തിരഞ്ഞെടുപ്പുദിവസം മഴമൂലം ഡിവിഷനില്‍ പലവീടുകളിലും വെള്ളംകയറിയതും ഇടതുപക്ഷത്തിന് തിരിച്ചടിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..