പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കാക്കനാട്: ഒരു സെക്ഷനിലെ ജീവനക്കാരി മാറുന്നത് കാത്ത് മറ്റൊരാള്‍, ആ ജീവനക്കാരി ഉടനടി മറ്റൊരാളുടെ സീറ്റിന് പിറകില്‍ നില്ക്കുന്നു, കസേര ഒഴിഞ്ഞതോടെ ജീവനക്കാരി പിന്നെ കുറച്ചു നേരത്തേക്ക് ആ സീറ്റില്‍.
കല്യാണപ്പന്തലില്‍ സദ്യ കഴിക്കാന്‍ ഇരിക്കുന്ന ആളുകളുടെ കസേരയുടെ പിറകില്‍ നില്ക്കുന്നതുപോലത്തെ കാഴ്ചയാണ് തിങ്കളാഴ്ച എറണാകുളം ആര്.ടി. ഓഫീസില്‍ വിവിധ സെക്ഷനുകളില്‍ കണ്ടത്. രാവിലെ കുറച്ചുനേരം വൈദ്യുതി നിലച്ചതാണ് കാരണം. വൈദ്യുതി ഉടന്‍ തന്നെ വന്നെങ്കിലും കംപ്യൂട്ടറില്‍ പവര്‍ വന്നില്ല. ഇതോടെയാണ് ആര്.ടി. ഓഫീസില്‍ ജീവനക്കാരുടെ കസേരകളി തുടങ്ങിയത്.
തുടര്‍ന്ന് ആര്.ടി.ഒ., ജോയിന്റ് ആര്.ടി.ഒ. ഉള്‍പ്പെടെ അറുപതോളം ജീവനക്കാരുള്ള ആര്.ടി. ഓഫീസില്‍ വാഹന രജിസ്ട്രേഷന് ഉള്‍പ്പെടെ തകിടംമറിഞ്ഞു. വൈദ്യുതി പോയാല്‍ ഉടന്‍ യു.പി.എസ്. പ്രവര്‍ത്തിക്കേണ്ടതാണെങ്കിലും കാലപ്പഴക്കമുള്ള ബാറ്ററികളില്‍ ചാര്‍ജ് കുറവായതിനാല്‍ സാധിച്ചില്ല. ഇതോടെ ഭൂരിഭാഗം കംപ്യൂട്ടറുകളും ഓഫായി. കുറച്ച് കംപ്യൂട്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തനം പുനരാരംഭിച്ച് സര്‍വീസ് നടത്താന്‍ സാധിച്ചത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ പൂര്‍ണമായി സ്തംഭിച്ചു.
വാഹനങ്ങളുടെ ആര്.സി., ഡ്രൈവിങ് ലൈസന്‍സ്, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫീസ്, ടാക്സ് സ്വീകരിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം പ്രവര്‍ത്തനം തടസ്സപ്പെട്ടു. അഞ്ഞൂറോളം വാഹനങ്ങളുടെ വിവിധ സര്‍വീസുകളാണ് യു.പി.എസ്. തകരാറില്‍ താറുമാറായത്.
കൂടാതെ ഓഫീസിനകത്തെ മറ്റ് ഫയല്‍ നീക്കവും നിലച്ചു. ചെറിയ തോതില്‍ പ്രവര്‍ത്തിച്ച ഏതാനും കംപ്യൂട്ടറുകളിലാണ് ജീവനക്കാര്‍ കഷ്ടപ്പെട്ട്, മാറി മാറിയിരുന്ന് കുറച്ചെങ്കിലും ജോലികള്‍ പൂര്‍ത്തീകരിച്ചത്. ഇതിനിടെ യു.പി.എസ്. തകരാര്‍ പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ എത്തിയെങ്കിലും കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് സര്‍വീസുകള്‍ പഴയ പടിയായപ്പോഴേക്കും വൈകുന്നേരമായി.
ഇതിനിടെ വാഹന്‍ സൈറ്റും ചില നേരത്ത് ജീവനക്കാര്‍ക്ക് 'പണി' നല്കി. വിവിധ ആവശ്യങ്ങള്‍ക്ക് ആര്.ടി. ഓഫീസിലെത്തിയവര്‍ ഉച്ചവരെ കാത്തിരുന്നെങ്കിലും ഫലമുണ്ടാകാതെ മടങ്ങിപ്പോകുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..