എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: വൈറ്റിലയ്ക്കു ശേഷം കൊച്ചി നഗരത്തിന് രണ്ടാം മൊബിലിറ്റി ഹബ്ബ് വരുന്നു. കാരിക്കാമുറിയിലെ കെ.എസ്.ആര്‍.ടി.സി. ഭൂമിയിലാണ് വൈറ്റില മോഡല്‍ മൊബിലിറ്റി ഹബ്ബ് 12 കോടി രൂപ ചെലവില്‍ നിര്‍മിക്കുക. ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായി ചേര്‍ന്ന സ്മാര്‍ട്ട്സിറ്റി ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം. ഇതോടെ എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണവും ഉറപ്പായി.
എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ വെള്ളക്കെട്ട് ഇല്ലാത്ത കാരിക്കാമുറിയിലെ സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് നല്‍കും. പകരം വൈറ്റില മൊബിലിറ്റി ഹബ്ബില്‍ തത്തുല്യമായ തുകയ്ക്കുള്ള ഭൂമി കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കും. വൈറ്റില മൊബിലിറ്റി ഹബ്ബ് ഏറ്റെടുക്കുന്ന കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കും.
യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നിര്‍മാണത്തിനായി 12 കോടി രൂപ ഉടന്‍ കൈമാറും.
വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ലഭിക്കുന്ന ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഹബ്ബ് വരുമെന്നാണ് സൂചന. ഫലത്തില്‍ കൊച്ചി നഗരത്തിന് കെ.എസ്.ആര്‍.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകള്‍ സ്വന്തമാകും. കരിക്കാമുറിയിലെ സ്ഥലത്ത് ഹബ്ബ് വരുമ്പോള്‍ അതിനോടു ചേര്‍ന്നുതന്നെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനും.
മഹാരാജാസ് കോളേജ് മൈതാനത്ത് ആസ്ട്രോ ടര്‍ഫിന് 6.35 കോടി രൂപ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. സ്പോര്‍ട്സ് വകുപ്പിനു കീഴിലുള്ള കമ്പനിക്കായിരിക്കും നിര്‍മാണ കരാര്‍. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ചെന്നൈ മോഡല്‍ അത്യാധുനിക മെഷിനറികള്‍ വാങ്ങാനുള്ള 7.5 കോടി രൂപയും യോഗത്തില്‍ പാസാക്കി.
കൊച്ചി നഗര വികസനത്തിന് സഹായകരമായ പദ്ധതികളാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.
കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിറ്റി ലെവല്‍ ഉപദേശക സമിതി ഫോറവും ചേര്‍ന്നു. ഹൈബി ഈഡന്‍ എം.പി., ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സ്വകാര്യ ബസ് ഉടമസ്ഥരുടെ സംഘടനാ പ്രതിനിധികള്‍, ട്രാഫിക് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Content Highlights: ernakulam ksrtc stand to become mobility hub
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..