എറണാകുളം ജില്ലാ കളക്ടർ രേണു രാജ്, ഫെയ്സ്ബുക്ക് പോസ്റ്റ് | Photo: https://www.facebook.com/dcekm
കൊച്ചി: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ രാവിലെ അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചപ്പോഴേക്കും ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിരുന്നു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈകി അവധി പ്രഖ്യാപിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഇന്ന് രാവിലെ 8.25നായിരുന്നു കളക്ടർ അവധി പ്രഖ്യാപിക്കുന്നത്. ഇതിനകം തന്നെ പല കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. കുട്ടികൾ സ്കൂളിൽ എത്തിയ സാഹചര്യത്തിൽ തിരിച്ചു വിളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കളക്ടറുടെ പോസ്റ്റിനടിയിൽ മാതാപിതാക്കൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആദ്യ ഉത്തരവിൽ വിശദീകരണവുമായി കളക്ടർ വീണ്ടും രംഗത്തെത്തിയത്.
രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വ്യപക വിമർശനങ്ങളാണ് ഉയരുന്നത്. 'ഉത്തരവാദിതത്തിന്റെ നിറകുടമേ', 'സ്കൂളുകൾ അരമണിക്കൂർ മുൻപേ അടച്ചു. വേണമെങ്കിൽ ഒരു മണിക്കൂർ മുൻപേ അടക്കാം', 'ഇത് മഴകെടുതിയേക്കൾ വലിയ കെടുതി ആയിപ്പോയി', 'കലക്ടർ ഉറങ്ങിപ്പോയോ?' തുടങ്ങി വ്യാപക വിമർശന കമന്റുകളാണ് കളക്ടർക്കെതിരെ ഉയരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..