ആലുവ:   ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. 

ആലുവ പുളിഞ്ചുവട്ടിലെ ഫ്‌ളാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ പറവൂര്‍ സ്വദേശി വിജയനാണ് മരിച്ചത്. പനിയെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകി. ഒരു മണിക്കൂറോളം രോഗിയെ ആശുപത്രി ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആബുലന്‍സ് ഡ്രൈവറുള്‍പ്പെടെ പരാതി ഉന്നയിച്ചത്.

തുടര്‍ന്ന് ആരോഗ്യനിലവഷളായി രോഗി ആംബുലന്‍സില്‍ കിടന്ന് മരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാവസ്ത്രമുള്‍പ്പെടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ട കാലതാമസം മാത്രമേ വന്നിട്ടുള്ളൂവെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlights: Ernakulam distric collector seeks report on  patient died in Ambulance due to treatment delay