1. എറണാകുളം കളക്ടർ ഡോ. രേണു രാജ് 2. പ്രതീകാത്മക ചിത്രം | Mathrubhumi archives
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകള്‍. വൈകിയെത്തിയ അവധിപ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയുമാണ് ആശയക്കുഴപ്പത്തിലാക്കിയത്.
രാവിലെ എട്ടരയോടെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കളക്ടറുടെ ആദ്യ പോസ്റ്റ് എത്തിയത്. എന്നാല്‍, നേരത്തേ ക്ലാസ്സ് തുടങ്ങുന്ന സ്കൂളുകളിലെ പ്രീ പ്രൈമറി തലത്തിലുള്ള കുട്ടികള്‍ വരെ ഈ സമയത്ത് ക്ലാസ്സില്‍ എത്തിയിരുന്നു. മിക്കവാറും സ്കൂളുകളിലെ ബസ്സുകളും കുട്ടികളെ കൊണ്ടുവരാനായി പുറപ്പെടുകയും ചെയ്തു.
അവധി പ്രഖ്യാപനം വന്നതോടെ സ്കൂളുകളിലും വീടുകളിലും സര്‍വത്ര ആശയക്കുഴപ്പമായി. കുട്ടികളെ എങ്ങനെ തിരികെ കൊണ്ടുവരുമെന്ന കാര്യത്തില്‍ രക്ഷിതാക്കളും സ്വകാര്യവാഹനങ്ങളില്‍ ഉള്‍പ്പെടെ വരുന്ന കുട്ടികളെ തിരിച്ചെത്തിക്കാന്‍ എന്തുചെയ്യുമെന്നറിയാതെ അധ്യാപകരും അങ്കലാപ്പിലായി. നഗരത്തിലും പരിസരത്തും മാതാപിതാക്കള്‍ രണ്ടുപേരും ജോലിയ്ക്ക് പോയിക്കഴിഞ്ഞ വീടുകളും ഫ്ളാറ്റുകളും നിരവധിയാണ്.
'മക്കള്‍ രണ്ടു പേരും രണ്ട് സ്കൂളുകളിലാണ് പഠിക്കുന്നത്. ഒരാള്‍ രണ്ടിലും മറ്റേയാള്‍ അഞ്ചിലും. ഇന്ന് പരീക്ഷയുള്ളതിനാല്‍ വിടാതിരിക്കാനും കഴിയില്ലായിരുന്നു. കളക്ടറുടെ പ്രഖ്യാപനം വന്നതോടെ ആരെ ആദ്യം വിളിക്കാന്‍ പോകുമെന്നായിരുന്നു ആശങ്ക. ഒടുവില്‍ മൂത്തമകളെ വിളിക്കാന്‍ ഓഫീസിലേക്ക് പുറപ്പെട്ട ഭര്‍ത്താവിനെ വിളിച്ചുപറയുകയായിരുന്നു' -കലൂരില്‍ താമസിക്കുന്ന ഷീബ പറയുന്നു.
അതിനിടെ, അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിനടിയിലും പ്രതിഷേധ കമന്റുകള്‍ നിറഞ്ഞു. തലേന്നു തന്നെ അവധി പ്രഖ്യാപിക്കാനായില്ലെങ്കിലും രാവിലെ അല്പം നേരത്തേ പ്രഖ്യാപിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന രീതിയിലും ബുധനാഴ്ച ചാര്‍ജെടുത്ത ആലപ്പുഴ കളക്ടറുടെ കുട്ടികള്‍ക്ക് അവധി നല്‍കിക്കൊണ്ടുള്ള ആദ്യ പ്രഖ്യാപനവുമെല്ലാം കമന്റുകളായി നിറഞ്ഞു. കളക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വാദപ്രതിവാദങ്ങളായി.
പ്രതിഷേധം മുറുകിയതോടെ അര മണിക്കൂറിനു ശേഷം പ്രഖ്യാപനം തിരുത്തിക്കൊണ്ട് കളക്ടറുടെ അടുത്ത പോസ്റ്റ് എത്തി -രാത്രി ആരംഭിച്ച മഴ നിലയ്ക്കാത്തതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നും. എന്നാല്‍, ഈ പോസ്റ്റിനടിയിലും പ്രതിഷേധത്തിന് കുറവുണ്ടായില്ല. സ്കൂളില്‍നിന്ന് ഇതിനകം തന്നെ കുട്ടികളെ വിളിച്ചുകൊണ്ടുവന്നവരും വിളിക്കാന്‍ പുറപ്പെട്ടവരുമെല്ലാം കമന്റുകളുമായെത്തി.
രണ്ടാമത്തെ പ്രഖ്യാപനം വന്നതോടെ ആശയക്കുഴപ്പം വര്‍ധിക്കുകയാണ് ചെയ്തതെന്ന് ഷീബ തുടരുന്നു: 'മകന്റെ ടീച്ചറെ വിളിച്ചപ്പോള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ച ശേഷം ഉടനേ തന്നെ ക്ലാസ്സിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അറിയിക്കാമെന്നായിരുന്നു പറഞ്ഞത്. കഴിയുമെങ്കില്‍ കുട്ടികളെ രക്ഷിതാക്കള്‍ക്ക് വന്ന് വിളിക്കാമെന്നാണ് മകളുടെ സ്കൂളില്‍ നിന്ന് പറഞ്ഞത്. ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയില്ലെങ്കിലും ഓഫീസിലേക്ക് പുറപ്പെട്ട ഭര്‍ത്താവിന് സ്കൂളിലെത്തി തിരികെ പോകേണ്ടിവന്നു. പിന്നീട് മകന്റെ സ്കൂളിലും വിളിച്ച് ഉറപ്പിച്ച ശേഷമാണ് സമാധാനമായത്.'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..