-
തിരുവനന്തപുരം: എറണാകുളം നഗരത്തിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി പൂർത്തീകരിക്കാൻ ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ബുധനാഴ്ച ചേർന്ന യോഗത്തിൽ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി പൂർത്തിയാക്കാൻ സഹായകരമായ ക്രമീകരണങ്ങൾ കമ്പനികൾ ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ ഇന്നുള്ള ടീമിന് പകരം പുതിയ ടീമിനെ ഏർപ്പെടുത്തി പ്രവർത്തനം ഊർജിതമാക്കാൻ ശ്രമിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണസംവിധാനം ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ വേണം. റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹാരിക്കാൻ റോഡുകൾ വെട്ടിപ്പൊളിക്കേണ്ടിവന്നാൽ അത് പുനസ്ഥാപിക്കുന്ന കാര്യം രേഖപ്രകാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമയബന്ധിതമായി തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കണം. നിലവിൽ 14,450 കണക്ഷനുകൾ നൽകുന്നതിന് തയ്യാറായിട്ടുണ്ട്. റോഡിലുടെയുള്ള പൈപ്പ് ലൈൻ പൂർത്തിയായാൽ ഉടൻ തന്നെ കണക്ഷൻ നൽകാനാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാസംതോറും ഇതിന്റെ പ്രവർത്തനം സംബന്ധിച്ച് അവലോകനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..