കൊച്ചി: എറണാകുളത്തെ സമ്പൂര്‍ണമായി വാക്‌സിന്‍ കുത്തിവച്ച ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ വളരെ വേഗത്തില്‍ മുന്നേറുകയാണെന്നും വരുന്ന മൂന്ന് ദിവസങ്ങളിലായി 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ വിതരണമെന്നും അദ്ദേഹം പറഞ്ഞു.

45 വയസിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും  ഉടന്‍ വാക്സിന്‍ ലഭ്യമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ വിതരണം. 

ഐ.എം.എ , ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ ഇതിനുവേണ്ടി പ്രത്യേക വാക്സിനേഷന്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. നിലവില്‍ ജില്ലയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 98 ശതമാനം പേര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള 76 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. 

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ പ്രത്യേക വാക്സിനേഷന്‍ പദ്ധതിക്കായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: ernakulam bacame complete covid vaccinated district