കൊച്ചി: എറണാകുളം വരിക്കോലി പള്ളിയില്‍ കാതോലിക്ക ബാവയെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ. രാവിലെ ഏഴുമണിയോടെയാണ് കുര്‍ബാന അര്‍പ്പിക്കുന്നതിനായി ഓര്‍ത്തഡോക്‌സ് സഭയുടെ കത്തോലിക്കാ ബാവ വരിക്കോലി പള്ളിയില്‍ എത്തിയത്. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അടക്കമുള്ള ആളുകള്‍ പള്ളിയില്‍ എത്തിയിരുന്നു. കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം കത്തോലിക്കാ ബാവ അടക്കമുള്ളവര്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവേയാൈണ് സംഘടിച്ചെത്തിയ യാക്കോബായ വിഭാഗം ഇവരെ തടഞ്ഞുവെച്ചത്. 

പള്ളിയുടെ ഗേറ്റ് നൂറിലധികം വരുന്ന ആളുകള്‍ പുറത്തുനിന്ന് പൂട്ടിയിട്ടു. സുപ്രീം കോടതി വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വരിക്കോലി പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഓര്‍ത്തഡോക്‌സ് വിഭാഗമാണ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. അതിനിടയില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇതേപള്ളിയിലെ വികാരിയായ ബിജു ഏലിയാസിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് സഭായുടെ കാതോലിക്ക ബാവയെ തടഞ്ഞുവെച്ചിരിക്കുന്നത്. 

പോലീസ് നിഷ്‌ക്രിയമായി നില്‍ക്കുന്നു എന്ന ആരോപണമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഉയര്‍ത്തുന്നത്. മണിക്കൂറുകളായി കാതോലിക്ക ബാവയെ പുറത്തേക്കിറങ്ങാന്‍ അനുവദിക്കാതെയാണ് യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധിക്കുന്നത്. സമാധാന ശ്രമങ്ങള്‍ പോലീസിന്റെയും സഭകളുടെയും ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.