പോക്‌സോ കേസ് വിവാദം: സംവാദത്തിന് ക്ഷണിച്ച് കുഴല്‍നാടന്‍, ആ പെങ്ങള്‍ തോറ്റുനില്‍ക്കുന്നതാണ് പ്രശ്‌നമെന്ന് റഹീം


3 min read
Read later
Print
Share

എ.എ.റഹീം, മാത്യു കുഴൽനാടൻ | Photo: facebook.com|aarahimofficial & facebook.com|mathewkuzhalnadanofficial

കൊച്ചി: എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ പരസ്യസംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മാത്യു കുഴൽനാടൻ റഹീമിനെ സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്. റഹീം തയ്യാറാണെങ്കിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് റഹീം പറയുന്ന വേദിയിൽ താൻ എത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, മാത്യു കുഴൽനാടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മണിക്കൂറുകൾക്കകം മറുപടിയുമായി എ.എ.റഹീമും രംഗത്തെത്തി. 'എന്ത് പ്രഹസനാ മാത്യു' എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് റഹീം മറുപടി നൽകിയത്.

നമ്മൾ രണ്ടുപേർ തമ്മിലുള്ള തർക്കമല്ല ഇവിടെ പ്രശ്നമെന്നും കേരള പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, മാത്യു കുഴൽനാടൻ ഒളിപ്പിച്ച പോക്സോ കേസ് പ്രതിയെ എപ്പോൾ ഹാജരാക്കുമെന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. 'ഈ കാര്യത്തിൽ ഡിവൈഎഫ്ഐ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം പരസ്യമായി തന്നെയാണ്. രഹസ്യമായി കാര്യങ്ങൾ നീക്കാൻ നോക്കിയിട്ട് നടക്കാതായപ്പോൾ താങ്കൾക്ക് പെട്ടെന്ന് പരസ്യമായി സംവദിക്കണമെന്ന് തോന്നുന്നത് സ്വാഭാവികവുമാണ്. ഒരിക്കൽ കൂടി പറയട്ടെ ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോൽക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്. നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്.നാടിനറിയേണ്ടത്, താങ്കൾ പ്രതിയെ ഹാജരാക്കുന്ന സമയമാണ്.
നമ്മൾ രണ്ടുപേരിലാരാണ് തോൽക്കുന്നത് എന്നതല്ല കാര്യം, ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നിൽക്കുന്നുവെന്നതാണ് പ്രശ്നം. അവൾ ജയിക്കട്ടെ. താങ്കൾ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ.'- റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.

മാത്യു കുഴൽനാടന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നിങ്ങൾ എനിക്ക് എതിരെയും പാർട്ടിക്കെതിരെയും അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.

നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തിൽ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ..

നിങ്ങൾ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം..മറുപടിക്കായി കാക്കുന്നു..

എ.എ.റഹീം നൽകിയ മറുപടിയുടെ പൂർണരൂപം:

എന്ത് പ്രഹസനാ മാത്യു,

ആദ്യം താങ്കൾ പ്രതിയെ ഹാജരാക്കൂ. പോക്സോ കേസാണ്. ഒരു പ്ലസ് വൺ വിദ്യാർഥിനിയെ പീഢിപ്പിച്ചു ഗർഭിണിയാക്കുകയും തുടർന്ന് പിറക്കാത്ത കുഞ്ഞിനെ കൊല്ലുകയും ചെയ്ത കേസാണ്. അതിലുൾപ്പെട്ട കുറ്റവാളികൾക്ക് വേണ്ടിയാണ് താങ്കളുടെ പരിശ്രമങ്ങൾ. ഈ കാര്യത്തിൽ എന്നെ തർക്കിച്ച് തോൽപ്പിച്ചിട്ടെന്ത്?

നിങ്ങൾ മാപ്പു പറയേണ്ടത് അമ്മമാരും പെങ്ങന്മാരുമുൾപ്പെട്ട നിങ്ങളുടെ വോട്ടർമാരോടാണ്.കേരളത്തിലെ മുഴുവനാളുകളോടുമാണ്. ഒരു അഭിഭാഷകൻ എന്ന നിലയിൽ താങ്കൾ ഇന്നുവരെ പോക്സോ കേസുകളിൽ വാക്കാലെത്തെടുക്കാറില്ലെന്നു പറയുന്ന ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ താങ്കൾ വേറൊരു കാര്യം പറയുന്നുണ്ട്: 'ആദർശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിൻവലിയാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.' കോൺഗ്രസുകാരനായ പോക്സോ പ്രതിയെ രക്ഷിക്കാൻ വേണ്ടി കേസിൽ ഇടപെടാൻ തന്നെയാണ് പോകുന്നത് എന്നല്ലേ ഈ വാക്കുകൾ വ്യക്തമാക്കിയത്?

'ഞാൻ വാദിക്കാൻ പോയിട്ടില്ല സത്യമായും പോയിട്ടില്ല അമ്മയാണേപോയിട്ടില്ല' എന്നൊക്കെ ഇപ്പോൾ ആണയിടുന്നത് പിന്നെയെന്തിനാണ്?.

യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതിയെ ഒളിവിലിരുത്തി, താങ്കൾ മുൻകൂർ ജാമ്യത്തിന് പോക്സോ കോടതിയിൽ ഹർജി നൽകി. താങ്കൾ ഒപ്പിട്ട മുൻകൂർ ജാമ്യാപേക്ഷ ഇതിനകം പുറത്തായിട്ടുമുണ്ട്. സാമൂഹ്യ സമ്മർദ്ദം കൂടി, നാട്ടുകാർക്ക് മുന്നിൽ താങ്കൾ ഒറ്റപ്പെട്ടു. ഒരുപക്ഷെ, താങ്കളുടെ വീട്ടുകാർപോലും 'ഇത് നെറികേടാണ് മത്തായീ...' എന്ന് താങ്കളോട് പറഞ്ഞുകാണും. തുടർന്ന്, അങ്ങ് കോടതിയിൽ നേരിട്ട് ഹാജരാകാതെ മറ്റൊരു അഭിഭാഷകനെ ഏർപ്പാടാക്കി.ആരാണ് നിങ്ങൾ ഏർപ്പാടാക്കിയ അഭിഭാഷകൻ?

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷനും സർവോപരി കെ.പി.സി.സി. നിർവാഹക സമിതി അംഗവുമായിരുന്ന ശ്രീ ടി. ആസിഫലിയെയാണ് യൂത്ത് കോൺഗ്രസ്സ് നേതാവായ പോക്സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായത്.

ഷാൻ മുഹമ്മദിനെതിരെയൂള്ളത്, വളരെ ലളിതവും,രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതുമായ കേസെന്ന് താങ്കൾ ആരോപിച്ചിരുന്നു. പ്രമുഖനായ വക്കീൽ വാദിച്ചു.എന്നിട്ടും കോടതി ജാമ്യാപേക്ഷ തള്ളി. കള്ളക്കേസായിരുന്നെങ്കിൽ,അങ്ങയുടെ പ്രിയ സ്നേഹിതനായ ഈ പോക്സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കേണ്ടതല്ലേ?

മാത്യു വക്കീലേ, പതിനാറു വയസ്സുമാത്രമുള്ള ഒരു പെങ്ങളെ പിച്ചിച്ചീന്തിയ പ്രതികൾക്കായി ഇങ്ങനെ പ്രഹസനവുമായി ഇറങ്ങരുത്. ക്ഷമിക്കണം, താങ്കൾ ഇത്ര സ്ത്രീവിരുദ്ധനെന്ന് ഞാൻ കരുതിയിരുന്നില്ല.

നമ്മൾ രണ്ടുപേർ തമ്മിലുള്ള തർക്കമല്ല ഇവിടെ പ്രശ്നം. കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, താങ്കൾ ഒളിപ്പിച്ച പോക്സോ പ്രതിയെ എപ്പോൾ ഹാജരാക്കും എന്നതാണ് പ്രശ്നം.
സ്വാഭാവികമായ നീതിനിർവഹണത്തിന് സഹകരിക്കേണ്ട ഒരു ജനപ്രതിനിധിയായ താങ്കൾ അതിനു നേർ വിപരീതമായ് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്നം.

ഈ കാര്യത്തിൽ ഡിവൈഎഫ്ഐ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം പരസ്യമായ് തന്നെയാണ്.രഹസ്യമായ് കാര്യങ്ങൾ നീക്കാൻ നോക്കിയിട്ട് നടക്കാതായപ്പോൾ താങ്കൾക്ക് പെട്ടന്ന് 'പരസ്യമായ്' സംവദിക്കണമെന്ന് തോന്നുന്നത് സ്വാഭാവികവുമാണ്. ഒരിക്കൽ കൂടി പറയട്ടെ: ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോൽക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്.

നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്.നാടിനറിയേണ്ടത്, താങ്കൾ പ്രതിയെ ഹാജരാക്കുന്ന സമയമാണ്. നമ്മൾ രണ്ടുപേരിലാരാണ് തോൽക്കുന്നത് എന്നതല്ല കാര്യം, ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നിൽക്കുന്നുവെന്നതാണ് പ്രശ്നം.അവൾ ജയിക്കട്ടെ. താങ്കൾ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ....

Content Highlights:eranakulam pocso case controversy mathew kuzhalnadan and aa rahim facebook posts

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023


blood donation

1 min

ഗർഭിണിക്ക് രക്തം മാറിനൽകിയ സംഭവം: 2 ഡോക്ടർമാരെ പിരിച്ചുവിട്ടു; സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ

Sep 30, 2023


Most Commented