തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാര്‍ഥികളെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. 

മഹാരാജാസ് കോളജില്‍ കണ്ടെത്തിയത് മാരകായുധങ്ങളല്ലെന്നും വിദ്യാര്‍ഥികള്‍ വേനലവധിക്ക് പോയ സമയം മറ്റാരെങ്കിലും അവ അവിടെ കൊണ്ടുവച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന പലക, വെട്ടുകത്തി, ഏണി തുടങ്ങിയവയാണ് കണ്ടെത്തിയത് ഇത് വിദ്യാര്‍ഥികള്‍ കൊണ്ടുവച്ചതാകണമെന്നില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Image

വിഷയത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍  പി.ടി തോമസ് എം.എല്‍.എ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തിര പ്രമേയമായി പരിഗണിക്കേണ്ട പ്രാധാന്യമില്ലെന്ന് കാട്ടി സ്പീക്കര്‍ ആവശ്യം തള്ളി. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു.

താല്‍ക്കാലികമായി പരീക്ഷ കഴിയും വരെ  സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ 16 വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കാലപ്പഴക്കം ചെന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ വിദ്യാര്‍ഥികള്‍ പോയ ശേഷം പ്രിന്‍സിപ്പലിന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

അതേസമയം, മുഖ്യമന്ത്രി കലാലയങ്ങളെ ആയുധകേന്ദ്രമാക്കുന്നതിന് പിന്തുണ നല്‍കുകയാണെന്നും. പാര്‍ട്ടി ആവശ്യങ്ങള്‍ക്കും മറ്റും വിദ്യാര്‍ഥികളെ ഉപയോഗിക്കുകയാണെന്നും പി.ടി തോമസ് എം.എല്‍.എ ആരോപിച്ചു.