തിരുവനന്തപുരം:  ഇ.പി.എഫ് പെന്‍ഷനും സര്‍വീസ് പെന്‍ഷനും വാങ്ങുന്നവര്‍ക്ക് സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നുന്നത് തടയാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതോടെ ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതെയായി. കശുവണ്ടി, കൈത്തറി അടക്കമുള്ള പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.

പലരും പി.എഫില്‍ നിന്ന് മുന്‍കൂറായി തുക പിന്‍വലക്കുന്നതിനാല്‍ തുച്ഛമായ തുകയാണ് പെന്‍ഷനായി ലഭിക്കുന്നത്. വര്‍ഷങ്ങളായി  ക്ഷേമപെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന പലര്‍ക്കും ഇതോടെ പെന്‍ഷനുകള്‍ ലഭിക്കാതെയായി. പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്നതിന്റെ പേരില്‍ ക്ഷേമ പെന്‍ഷന്‍ നിഷേധിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയത്. 600 രൂപയായിരുന്ന പെന്‍ഷന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 1000 രൂപയായി ഉയര്‍ത്തിയിരുന്നു.

എന്നാല്‍ എല്ലാ ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ക്ഷേമ പെൻഷൻ നിഷേധിക്കുന്നത് സർക്കാരിന്റെ നയമല്ല. ഒന്നിലധികം പെന്‍ഷന്‍ ലഭിക്കുന്നവരെ കണ്ടെത്തി അനര്‍ഹരെ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇത് പരിശോധിച്ച ശേഷം നടപടിയെടുക്കും.  എല്ലാ ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്കും ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള നിലവിലുള്ള ഉത്തരവ് പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു.