തിരുവനന്തപുരം: വ്യവസായ മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തന്റെ പ്രവര്‍ത്തനങ്ങളെന്നും ഇതിനായി എടുത്ത നടപടികളില്‍ അസ്വസ്ഥരായവരാണ് തനിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതെന്നും മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജയരാജന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

കേരളത്തിന്റെ വ്യവസായ മേഖല അടക്കിഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില വ്യവസായ പ്രമുഖര്‍ക്ക് താന്‍ വ്യവസായ മന്ത്രിയായി ഇരിക്കാന്‍ പാടില്ലായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ അത്തരക്കാരെ അസ്വസ്ഥമാക്കിയിരുന്നു. ജയരാജന്‍ തന്റെ പേജില്‍ കുറിച്ചു.

ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന വിവാദം രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും മുതലെടുക്കുകയായിരുന്നെന്നും പാര്‍ട്ടിക്ക് കളങ്കമുണ്ടാകാതിരിക്കാനാണ് രാജിവെച്ചതെന്നും ജയരാജന്‍ പോസ്റ്റില്‍ പറയുന്നു. തനിക്ക് പിന്തുണ തന്നവര്‍ക്ക് നന്ദി അറിയിച്ചാണ് ജയരാജന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വ്യവസായ വകുപ്പില്‍ അനധികൃതമായി ബന്ധുക്കളെ നിയമിച്ചതിന്റെ പേരിലാണ് ജയരാജനെതിരെ വിവാദങ്ങളുയരുന്നത്. വിവാദത്തെ തുടര്‍ന്ന് ജയരാജന്റെ ബന്ധുക്കളായ രണ്ടു പേര്‍ രാജിവെച്ചിരുന്നു. നിയമനവിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജയരാജന്‍ മന്ത്രിപദം രാജിവെച്ചത്.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Jayarajan FB Post

വിവാദം ... രാജി ... |  SPECIAL PAGE