ഇ.പി. ജയരാജൻ | Photo: Mathrubhumi
കൊല്ലം: വിമാനയാത്രാ വിലക്കിന് പിന്നാലെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് തലസ്ഥാനത്തുനിന്ന് ട്രെയിനില്‍ കണ്ണൂരിലേക്ക് പുറപ്പെട്ടു. താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
ഇന്ന് വിമാനമാര്‍ഗം കണ്ണൂരിലേക്ക് പോകാന്‍ ഇരുന്നതായിരുന്നെന്നും എന്നാല്‍ ആ പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജന് പറഞ്ഞു. ഇനി അവരുടെ വിമാനത്തില്‍ പോകില്ലെന്ന് തീരുമാനിച്ചു. ഇന്‍ഡിഗോ വളരെ വളരെ മോശമായ നിലപാടാണ് സ്വീകരിച്ചത്. ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുക്കുക, വിമാനത്തില്‍ ശരിയായ നില സ്വീകരിച്ചയാളുകളെ യാത്ര ചെയ്യുന്നതില്‍നിന്ന് വിലക്കുക. അതൊരു തെറ്റായ തീരുമാനമാണ്. മാത്രമല്ല ഇന്ത്യന്‍ എയര്‍ സര്‍വീസിനെ സംബന്ധിച്ചിടത്തോളം ഇന്‍ഡിഗോ കൈക്കൊണ്ടത് വളരെ തെറ്റായ തീരുമാനമാണ്- ജയരാജന് പറഞ്ഞു.
താന്‍ സ്ഥിരമായി ട്രെയിന്‍യാത്ര ചെയ്യുന്നയാളാണെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് വന്നതിന് പിന്നാലെ അങ്ങോട്ട് പോയി. ഇവര്‍ (ഇന്‍ഡിഗോ) മാത്രമേ ലോകത്ത് വിമാനസര്വീസുള്ളൂ. എത്ര വിമാനസര്‍വീസുകളുണ്ട്, വളരെ നല്ല നിലയില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നവര്- ജയരാജന് ആരാഞ്ഞു. യാത്രാസമയത്തിന്റെ കാര്യത്തില്‍ മാത്രമേ ബുദ്ധിമുട്ടുള്ളൂ അല്ലേയെന്ന ചോദ്യത്തിന് ഉറക്കം ട്രെയിനിലാക്കും അപ്പോള്‍ പ്രശ്നം തീര്‍ന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി. കെ റെയില്‍ വന്നാല്‍ യാത്രാസമയത്തിന്റെ കാര്യത്തിലുള്ള ബുദ്ധിമുട്ട് മാറുമല്ലോ എന്ന ചോദ്യത്തിന്-കെ റെയില്‍ വന്നാല്‍ വളരെ വളരെ സൗകര്യമായിരുന്നു എന്നും ഇന്ഡിഗോയുടേയെല്ലാം ആപ്പീസ് പൂട്ടുമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമെന്നാണ് ജയരാജന്റെ നിലപാട്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്, നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇ.പി. പറഞ്ഞിരുന്നു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന് വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..