ഇ.പി. ജയരാജൻ| Photo: Mathrubhumi
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ യൂത്ത്കോണ്‍ഗ്രസുകാര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ലെന്ന് ഇ.പി ജയരാജന്. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിത്. തിരിച്ചടിയെന്നത് വ്യാഖ്യാനം മാത്രമാണെന്നും ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ നടന്നത് ആസൂത്രിത ആക്രമണമാണ്. ഇതിന് പ്രേരിപ്പിച്ചത് കെ.സുധാകരനും കെ.പി.സി.സി അധ്യക്ഷന്‍ വി.ഡി സതീശനുമാണ്. ഇവര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പട്ട് ഡി.വൈ.എഫ്.ഐയും പരാതി നല്‍കുന്നുണ്ടെന്നും ജയരാജന് അറിയിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഭയമില്ല. അക്രമം നടത്തിയവര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും തനിക്ക് മൂന്നാഴ്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത്. ഇത് ആ കമ്പനിയുടെ നിലവാര തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ വിമാന പ്രതിഷേധ വിഷയത്തില്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു ഇ.പി ജയരാജന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..