രാജി ഗവര്‍ണര്‍ സ്വീകരിച്ചു

തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചു. തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം രാജിക്കത്ത് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചുവെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്. ജയരാജന്‍ പാര്‍ട്ടിയ്ക്ക് അപമാനമാണെന്നും മാതൃകാപരമായ നടപടി വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. രാജിവെച്ചേ മതിയാകു എന്ന് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് യോഗത്തില്‍ നിലപാടെടുത്തതായാണ് സൂചന.

തുടര്‍ന്ന് തനിക്ക് തെറ്റുപറ്റിയതായി യോഗത്തില്‍ ജയരാജന്‍ സമ്മതിക്കുകയും മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ താത്പര്യമില്ലെന്ന് യോഗത്തെ അറിയിക്കുകയുമായിരുന്നു. ഇ.പി ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ-കായിക വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യാനും യോഗത്തില്‍ ധാരണയായി.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേര്‍ന്നത്. 

വ്യവസായ വകുപ്പിലെ നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ ഭൂരിപക്ഷം അംഗങ്ങളും ജയരാജന്റെ നടപടിയെ വിമര്‍ശിച്ചു. 

ജയരാജന്റെ നടപടി പാര്‍ട്ടിക്ക് അപമാനമായെന്നും ജയരാജനെതിരെ മാതൃകാപരമായ നടപടി വേണമെന്ന അഭിപ്രായമായിരുന്നു യോഗത്തില്‍ ഉയര്‍ന്നത്. രാജി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് പൊതുവെ ഉണ്ടായ അഭിപ്രായം. യോഗത്തില്‍ നിയമന വിവാദം മാത്രമാണ് ചര്‍ച്ചയായത്.

വിവാദം ... രാജി ... |  SPECIAL PAGE