ഇ.പി ജയരാജൻ
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന് വ്യക്തമാക്കി.
യാത്രക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് ക്രിമിനലുകളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയില്‍ ടിക്കറ്റ് അനുവദിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ക്രമിനലുകള്‍ക്ക് സഞ്ചരിക്കാന്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് എടുത്ത് നല്കുമ്പോള് കമ്പനി അവരുടെ യാത്ര വിലക്കേണ്ടതായിരുന്നു. 18 കേസില്‍ പ്രതിയായ ക്രിമിനലുകള്‍ പറയുന്നത് കേട്ട് വിധിക്കാനാണ് ഇന്‍ഡിഗോയ്ക്ക് താത്പര്യമില്ലെങ്കില്‍ ആ കമ്പനി നിലവാരം ഇല്ലാത്ത കമ്പനിയാണെന്നും ജയരാജന് പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉണ്ടായപ്പോള്‍ താന്‍ ഇടയില്‍ നിന്നതുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതിന് ഇന്‍ഡിഗോ ശരിക്കും തനിക്ക് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും ജയരാജന് പറഞ്ഞു.
അതേസമയം യാത്രാ വിലക്ക് സംബന്ധിച്ച അറിയിപ്പ് രേഖാമൂലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജയരാജന് പറഞ്ഞു. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ഇതുസംബന്ധിച്ച അറിയിപ്പ് കേരളത്തിലെ ഇന്‍ഡിഗോയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും ഇ.പി. ജയരാജന് വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..