ഇ.പി. ജയരാജൻ| Photo: Mathrubhumi
തിരുവനന്തപുരം: പോലീസ് കേസെടുക്കാതിരിക്കുന്ന സാഹചര്യങ്ങളിലാണ് സ്വകാര്യ അന്യായവുമായി പരാതിക്കാര്‍ കോടതിയെ സമീപിക്കുന്നത്. അന്വേഷണ ഏജന്‍സിയെ വിശ്വാസമില്ലെങ്കില്‍ കോടതി നേരിട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെടാം. മൊഴി രേഖപ്പെടുത്തിയശേഷം കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ച് ഹാജരാകാന്‍ ആവശ്യപ്പെടും. സാക്ഷികളെ കേള്‍ക്കുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്യും. പരാതി തെളിഞ്ഞാല്‍ കുറ്റംചുമത്തും. ഇതിനുശേഷം വിചാരണ നടത്തി ശിക്ഷവിധിക്കും.
പരാതിക്കാര്‍ക്ക് വേണമെങ്കില്‍ പോലീസ് കേസെടുക്കണമെന്നും ആവശ്യപ്പെടാം. ഇത്തരം സാഹചര്യത്തില്‍ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കണം. എഫ്.ഐ.ആര്. ഇടുകയും അക്കാര്യം കോടതിയെ അറിയിക്കുകയും വേണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതില്‍ പരാതിക്കാര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കാം. തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിടും. തുടര്‍ന്ന് വിചാരണനടത്തി ശിക്ഷവിധിക്കും.
ഒരു ദിവസംകൊണ്ട് വാദി പ്രതിയായി
വിമാനത്തിനുള്ളിലെ ആക്രമണത്തില്‍നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിച്ച സഹയാത്രികന്റെ വീരപരിവേഷത്തില്നിന്ന് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെടുമ്പോള്‍ ഇ.പി. ജയരാജന്, ഇതുവരെ പോലീസ് നല്‍കിയിരുന്ന പരിരക്ഷയാണ് പൊളിയുന്നത്.
മുഖ്യമന്ത്രിയെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത് ഇ.പി. ജയരാജനാണെന്ന വാദം ശരിവെച്ചുകൊണ്ടായിരുന്നു ശംഖുമുഖം പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തങ്ങളെ മര്ദിച്ചുവെന്നുകാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നല്കിയ പരാതി പോലീസ് തള്ളുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ഗണ്മാന് അനില്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആ ചുമതല ഏറ്റെടുത്ത് ജയരാജന്, യൂത്ത് കോണ്‍ഗ്രസുകാരെ നേരിട്ടത് ശരിയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജന് തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പോലീസ് പരിഗണിച്ചില്ല.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യൂത്ത് കോണ്‍ഗ്രസുകാരുടെ പേരില്‍ കേസെടുത്തത്. ജയരാജന് നടത്തിയ കൈയാങ്കളി പോലീസ് മനഃപൂര്‍വം അവഗണിച്ചു.
ഇത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നല്കിയ പരാതിയിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം, വിമാനക്കമ്പനി നടത്തിയ അന്വേഷണത്തില്‍ പ്രതിഷേധക്കാരെക്കാള്‍ കടുത്തശിക്ഷ ലഭിച്ചത് ഇ.പി. ജയരാജനാണ്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ഗണ്‍മാനും പേഴ്സണല്‍ അസിസ്റ്റന്റും ഒപ്പമുണ്ടായിരുന്നു.
ഇവരെ പ്രതിഷേധക്കാര്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു യാത്രികനായ ഇ.പി. ജയരാജന് പ്രവര്‍ത്തകരുമായി കൈയാങ്കളിയില്‍ ഏര്‍പ്പെട്ടത് തെറ്റാണെന്ന നിലപാടിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ഇന്‍ഡിഗോ കമ്പനിയും നടത്തിയ അന്വേഷണം എത്തിയത്. ഇടതുമുന്നണി കണ്‍വീനറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമാണെങ്കിലും ജയരാജന് യാത്രക്കാരന്റെ പദവിമാത്രമാണ് ലഭിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..