'വെടിവെക്കുന്ന പോലീസിനുനേരെ ഞാനും കോടിയേരിയും അലറി; പോലീസുകാരെല്ലാം ഒരു നിമിഷം ശങ്കിച്ചു'


ഇ.പി.ജയരാജൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കോടിയേരിയുമൊത്തുള്ള ചിത്രം,ഇ.പി.ജയരാജൻ

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനൊപ്പമുള്ള ഓര്‍മകളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ അടുത്ത സൗഹൃദമാണ് കോടിയേരിയുമായി ഉള്ളതെന്ന് ജയരാജന്‍ അനുസ്മരിച്ചു. മറക്കാനാകാത്ത ഒരു ഓര്‍മ്മയാണ് കണ്ണൂരില്‍ യുവജനോത്സവം നടക്കുന്ന സമയത്തുണ്ടായതെന്നും അന്ന് നടന്ന വെടിവെപ്പും തുടര്‍സംഭവങ്ങളും വിവരിച്ചുകൊണ്ട് ജയരാജന്‍ വ്യക്തമാക്കി.

'യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ കെ.കരുണാകരന്‍ വരുന്നതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു. വേദിക്ക് പുറത്ത് സഖാക്കള്‍ പ്രതിഷേധവുമയി മുന്നേറി. വളരെ ഭീകരമായാണ് അന്ന് പോലീസ് യുവജന സഖാക്കളെ നേരിട്ടത്. ലാത്തിച്ചാര്‍ജില്‍ നിരവധി സഖാക്കള്‍ക്ക് പരിക്ക് പറ്റി. ലാത്തിച്ചാര്‍ജിന് പുറമെ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാനും തുടങ്ങി. കണ്ണൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നിലുള്ള റോഡില്‍ കമഴ്ന്ന് കിടന്നാണ് പോലീസ് വെടിവെയ്ക്കുന്നത്. ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് കോടിയേരിയും ഞാനും ആ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വെടിയൊച്ച കേട്ട് ഞങ്ങള്‍ സംഭവ സ്ഥലത്തേക്ക് ഓടി.



അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് ഓടി മൈതാനത്തിന് അപ്പുറം എത്തുമ്പോള്‍ കാണുന്ന കാഴ്ച പോലീസ് ജനക്കൂട്ടത്തിന് നേരെ കമഴ്ന്ന് കിടന്ന് വെടിവെക്കുന്നതാണ്. സഖാവ് കോടിയേരിയും ഞാനും അലറിക്കൊണ്ട് പോലീസിന്റെ അടുത്തേക്ക് നീങ്ങി. പോലീസുകാരെല്ലാം ഒരു നിമിഷം ശങ്കിച്ചുപോയി. ഇത് കണ്ട് അപ്പുറത്ത് നില്‍ക്കുകയായിരുന്ന എസ്.പി ജോര്‍ജ്ജ് ഓടിവന്നു. വെടിവെക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പോലിസുകാര്‍ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറി. പിന്നീട് എസ്.പി ജോര്‍ജ്ജ് ഞങ്ങള്‍ക്ക് അരികിലേക്ക് വന്ന് പറഞ്ഞു ' നിങ്ങള്‍ എന്താണീ കാണിച്ചത്. മഹാ വിഡ്ഢിത്തമായിപ്പോയി ഇത്. പോലീസുകാര്‍ തോക്കൊന്ന് തിരിച്ച് വെടി വെച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലേ.?' മേലില്‍ ഇത് ആവര്‍ത്തിക്കെരുതെന്നും എസ്.പി ഞങ്ങളോട് പറഞ്ഞു. പക്ഷേ തന്റെ ജീവനേക്കള്‍ വലുതായിരുന്നു കോടിയേരിക്ക് മറ്റു സഖാക്കള്‍. ഇത്തരത്തില്‍ നിരവധി തീക്ഷ്ണമായ സംഭവങ്ങള്‍ കോടിയേരിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്'ഫെയ്‌സ്ബുക്കില്‍ ജയരാജന്‍ കുറിച്ചു.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

ഒരിക്കലും മരിക്കപ്പെടാത്ത ഓര്‍മ്മകളിലേക്ക് സഖാവ് കോടിയേരി വിടവാങ്ങിയിരിക്കുന്നു. തങ്ങളുടെ പ്രിയ സഖാവിന്റെ വിയോഗം ഏറെ വേദനയോടെയാണ് കേരളത്തിലെ പാര്‍ട്ടിയും സഖാക്കളും ഉള്‍ക്കൊണ്ടത്. കേരളത്തെയാകെ ദു:ഖത്തിലാഴ്ത്തിയാണ് ആ മടക്കം. സഖാവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതുമുതല്‍ നിലയ്ക്കാത്ത പ്രവാഹമായി ജനം കണ്ണൂരിലേക്ക് ഒഴുകി. സഖാക്കള്‍ നായനാര്‍ക്കും ചടയനും മധ്യേ പയ്യാമ്പലത്ത് അടക്കം അവസാനിച്ചതിന് ശേഷവും ആ ജനമനസ്സുകള്‍ അവിടെ തന്നെയുണ്ട്.
ഏറെ വേദനയോടെയാണ് ഞങ്ങളെല്ലാം കോടിയേരി സഖാവിന്റെ വിയോഗത്തോട് പൊരുത്തപ്പെടുന്നത്. രോഗകാലത്തെ അതിജീവിച്ച് അടിച്ചമര്‍ത്തപ്പെട്ടവരുടേയും നിരാലംഭരായവരുടേയും ശബ്ദമായി ഈ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഇത് സംഭവിച്ചത്. സഹോദര സ്ഥാനീയനാണ് സഖാവ് കോടിയേരി. ഈ വേദന ഒരിക്കലും വിട്ടുമാറില്ല. പകരം വെയ്ക്കാനായി മറ്റൊരാളുമില്ല. ഒരോ സമരകാലവും മനസ്സില്‍ മിന്നിമറയുകയാണ്. സഖാവ് കോടിയേരിക്കൊപ്പമുള്ള ഒരോ ഓര്‍മ്മകളും മനസ്സില്‍ തെളിഞ്ഞ് കിടക്കുന്നു.
ഈ നാടിന് സഖാവ് കോടിയേരി ആരായിരുന്നു എന്നതിന് ഇനിയൊരു ഉത്തരം വേണമെന്ന് തോന്നുന്നില്ല. തലശ്ശേരിയിലും കോടിയേരിയിലും കണ്ണൂരിലും പയ്യാമ്പലത്തും നാം അത് കണ്ടു. നേരില്‍ കണ്ടതും അല്ലാത്തതുമായ ഒരോ മനുഷ്യനും കോടിയേരിയെ പറ്റി ഒരു ഓര്‍മ്മയെങ്കിലും പങ്കുവെയ്ക്കാനുണ്ടാകും. അതായിരുന്നു സഖാവ്. മനോഹരവും നൈര്‍മ്മല്യവും നിറഞ്ഞ ഒരു ഓര്‍മ്മയെങ്കിലും അവശേഷിപ്പിക്കാതെ കോടിയേരി മടങ്ങാറില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കണിശത കാണിക്കുമ്പോഴും വീഴ്ചകളില്‍ ശകാരിക്കുമ്പോഴും വാത്സല്യത്തിനും സ്‌നേഹത്തിനും അദ്ദേഹം അളവ് വെച്ചിരുന്നില്ല.

അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ ഏറ്റവും അടുത്ത സൗഹൃദമാണ് സഖാവ് കോടിയേരിയുമായുള്ളത്. വിദ്യാര്‍ത്ഥി യുവജന രംഗത്തെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടിപരമായും വ്യക്തിപരമായും ഏറ്റവും അടുത്ത ഒരാളെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സമരപോരാട്ടങ്ങളിലെല്ലാം എല്ലാകാലവും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. വിദ്യാര്‍ത്ഥികളായിരിക്കെ കോളേജിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നടന്ന് തലശ്ശേരി പാര്‍ട്ടി ഓഫീസില്‍ വരും. അവിടെ ഒരുമിച്ച് കിടന്നുറങ്ങി അതിരാവിലെ എണീറ്റ് അദ്ദേഹം കോടിയേരിയിലെ വീട്ടിലേക്കും ഞാന്‍ ഇരിണാവിലേക്കും മടങ്ങും. ഒരുപാട് കാലം ഇങ്ങനെയായിരുന്നു.

കലുഷിതമായിരുന്നു അന്നത്തെ സാഹചര്യങ്ങള്‍. ഏതു നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ. അതിനെയെല്ലാം തരണം ചെയ്ത് സ്ഫുടം ചെയ്‌തെടുത്ത കരുത്തുമായാണ് കോടിയേരി സംഘടനാ തലത്തില്‍ ഉയര്‍ന്നു വന്നത്. യുവജന രംഗത്തേക്ക് എത്തിയപ്പോള്‍ രാത്രികള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലായി . പലപ്പോഴും മാറാന്‍ വേറെ ഷര്‍ട്ടും മുണ്ടും ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസവും തലേന്നത്തെ മുഷിഞ്ഞ വസ്ത്രം തന്നെ അണിഞ്ഞ് പ്രവര്‍ത്തനത്തിന് ഇറങ്ങും.

മറക്കാനാകാത്ത ഒരു ഓര്‍മ്മയാണ് കണ്ണൂരില്‍ യുവജനോത്സവം നടക്കുന്ന സമയത്തേത്. സുകുമാര്‍ അഴീക്കോടായിരുന്നു യുവജനോത്സവം ഉദ്ഘാടനം ചെയ്തത്. കരുണാകരനാണ് അന്നത്തെ മുഖ്യമന്ത്രി. രാഷ്ട്രീയ വിഷയങ്ങളാല്‍ പ്രശുബ്ദ്ധമായിരുന്ന കാലം. യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ കരുണാകരന്‍ വരുന്നതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു. യുവജനോത്സവം നടക്കുന്ന വേദിക്ക് പുറത്ത് സഖാക്കള്‍ പ്രതിഷേധവുമയി മുന്നേറി. വളരെ ഭീകരമായാണ് അന്ന് പോലീസ് യുവജന സഖാക്കളെ നേരിട്ടത്. ലാത്തിച്ചാര്‍ജില്‍ നിരവധി സഖാക്കള്‍ക്ക് പരിക്ക് പറ്റി. ലാത്തിച്ചാര്‍ജിന് പുറമെ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാനും തുടങ്ങി. കണ്ണൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നിലുള്ള റോഡില്‍ കമഴ്ന്ന് കിടന്നാണ് പോലീസ് വെടിവെയ്ക്കുന്നത്. ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് കോടിയേരിയും ഞാനും ആ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വെടിയൊച്ച കേട്ട് ഞങ്ങള്‍ സംഭവ സ്ഥലത്തേക്ക് ഓടി.

അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് ഓടി മൈതാനത്തിന് അപ്പുറം എത്തുമ്പോള്‍ കാണുന്ന കാഴ്ച പോലീസ് ജനക്കൂട്ടത്തിന് നേരെ കമഴ്ന്ന് കിടന്ന് വെടിവെക്കുന്നതാണ്. സഖാവ് കോടിയേരിയും ഞാനും അലറിക്കൊണ്ട് പോലീസിന്റെ അടുത്തേക്ക് നീങ്ങി. പോലീസുകാരെല്ലാം ഒരു നിമിഷം ശങ്കിച്ചുപോയി. ഇത് കണ്ട് അപ്പുറത്ത് നില്‍ക്കുകയായിരുന്ന എസ്.പി ജോര്‍ജ്ജ് ഓടിവന്നു. വെടിവെക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പോലിസുകാര്‍ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറി. പിന്നീട് എസ്.പി ജോര്‍ജ്ജ് ഞങ്ങള്‍ക്ക് അരികിലേക്ക് വന്ന് പറഞ്ഞു ' നിങ്ങള്‍ എന്താണീ കാണിച്ചത്. മഹാ വിഡ്ഢിത്തമായിപ്പോയി ഇത്. പോലീസുകാര്‍ തോക്കൊന്ന് തിരിച്ച് വെടി വെച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലേ.?' മേലില്‍ ഇത് ആവര്‍ത്തിക്കെരുതെന്നും എസ്.പി ഞങ്ങളോട് പറഞ്ഞു. പക്ഷേ തന്റെ ജീവനേക്കള്‍ വലുതായിരുന്നു കോടിയേരിക്ക് മറ്റു സഖാക്കള്‍. ഇത്തരത്തില്‍ നിരവധി തീക്ഷ്ണമായ സംഭവങ്ങള്‍ കോടിയേരിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ഏത് ദുര്‍ഘടമായ സാഹചര്യത്തേയും മറികടന്ന് ലക്ഷ്യത്തിലെത്താന്‍ കോടിയേരിക്ക് കഴിയുമായിരുന്നു. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പാനൂരില്‍ വലിയ രാഷ്ട്രീയ അക്രമങ്ങള്‍ നടക്കുന്ന കാലം. സിപിഐഎമ്മുകാരെ ആര്‍.എസ്.എസ് വേട്ടയാടുന്ന സാഹചര്യം. ഒരോദിവസവും സഖാക്കള്‍ ആര്‍.എസ്.എസ്സിന്റെ കൊലക്കത്തിക്ക് ഇരയാകുന്ന വാര്‍ത്തകള്‍. പാനൂരിലേക്ക് ആര്‍ക്കും കടന്ന് ചെല്ലാന്‍ കഴിയാത്ത സാഹചര്യം. പാര്‍ട്ടി നേതാക്കള്‍ വരെ ആക്രമണത്തിന് ഇരയാക്കപ്പെടുന്നു. പാനൂരിലേക്ക് പോകുന്ന നേതാക്കളെ ഉള്‍പ്പടെ പോലീസ് ഇടപെട്ട് മടക്കി അയക്കുന്നു. അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് സഖാക്കളെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയതറിഞ്ഞ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് പിണറായി വിജയനും സഖാവ് കൊടിയേരിയും പാനൂരിലേക്ക് പുറപ്പെട്ടു. അന്ന് ഞാന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തിയ സഖാവ് കുഞ്ഞിക്കണ്ണന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന ഞങ്ങള്‍ക്ക് നേരെ ബോംബേറുണ്ടായി. അവിടേക്കാണ് സഖാവ് പിണറായിയും സഖാവ് കോടിയേരിയും ചെന്നെത്തി സഖാക്കള്‍ക്ക് സ്വാന്തനമേകുന്നത്. ആക്രമിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തുപോലും അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം എത്തുമായിരുന്നു. ആ അനുഭവ സമ്പത്താണ് സഖാവ് കോടിയേരി.
സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സ്‌നേഹം പങ്കുവെയ്ക്കലുകള്‍ക്കും സൗമ്യമായ പെരുമാറ്റത്തിനും ഭംഗമുണ്ടായിരുന്നില്ല എന്നതാണ് സഖാവ് കോടിയേരിയെ വ്യത്യസ്ഥനാക്കുന്നത്. ട്രെയിനില്‍ വെച്ച് എനിക്ക് വെടിയേറ്റതറിഞ്ഞ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് ഓടിയെത്തിയ സഖാവ് കോടിയേരിയേയും പിണറായിയെയും കുറിച്ച് കൂടെയുള്ളവര്‍ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. ബോധമറ്റ് കിടന്ന സമയത്ത് ചികിത്സയുടെ ഒരോഘട്ടത്തിലും കൂടെ നിന്ന് സുഖവിവരങ്ങള്‍ തിരക്കി കുടുംബത്തിന് കരുത്ത് പകര്‍ന്നത് സഖാക്കളായിരുന്നു. അങ്ങിനെ വലിയ മാനസിക പൊരുത്തമാണ് കോടിയേരിയുമായി ഉണ്ടായിരുന്നത്. ഒഴിവുസമയങ്ങളിലെല്ലാം പരസ്പരം തമാശകള്‍ പറഞ്ഞ് പല പഴയ കഥകളെല്ലാം ഓര്‍മ്മിച്ച് പരസ്പരം സ്‌നേഹവും സാഹോദര്യവും പങ്കുവെയ്ക്കുമായിരുന്നു ഞങ്ങള്‍. അത്തരത്തില്‍ മാനസിക പൊരുത്തമുള്ള ഒരാളെ ഇനി കിട്ടുക എന്നത് പ്രയാസമാണ്. ഇങ്ങിനെയൊക്കെയുള്ള സൗഹൃദങ്ങള്‍ ബാക്കിയാക്കിയാണ് പ്രിയ സഖാവ് വിടപറഞ്ഞത്. വ്യക്തിപരമായ നഷ്ടം കൂടിയാണ് കോടിയേരിയുടെ ഈ മടക്കം. സഖാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞതുമുതലുള്ള നീറ്റല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വ്യക്തിബന്ധങ്ങള്‍ക്ക് അത്രയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് കോടിയേരി. ഒരോരുത്തരുടേയും ഓര്‍മ്മകുറിപ്പുകളും അത് നമുക്ക് മുന്നില്‍ വെളിവാക്കുന്നു.
പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു കോടിയേരി. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തുടങ്ങിയ പൊതുജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ കൈമുതലാക്കിയാണ് സഖാവ് പാര്‍ട്ടിയെ നയിച്ചത്. ഉന്നതമായ സ്ഥാനങ്ങള്‍ തന്നിലേക്ക് എത്തുമ്പോഴും കാണിച്ച എളിമയും സൂക്ഷ്മതയും ഏവര്‍ക്കും മാതൃകയാണ്. ഭരണ രംഗത്ത് പ്രവര്‍ത്തിച്ച കാലഘട്ടത്തിലും അതിന് വ്യതിചലനമുണ്ടായിട്ടില്ല.
തന്റെ വ്യക്തി ജീവിതത്തെക്കാള്‍ ഏറെ അദ്ദേഹം പാര്‍ട്ടിയെ സ്നേഹിച്ചു. ഒരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എന്നും വഴികാട്ടിയായി മുന്നില്‍ നിന്നു. പ്രസ്ഥാനത്തിന് നേരെ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അദ്ദേഹം പ്രതിരോധത്തിന്റെ ആള്‍രൂപമായി. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ വെച്ചുപോലും അക്രമം ഉണ്ടായപ്പോള്‍ അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും പാര്‍ട്ടി ഒരു തീപ്പന്തമാകുമെന്നും സഖാവ് എതിരാളികളെ ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി സഖാക്കളുടെ സംരക്ഷണത്തില്‍ അദ്ദേഹം അത്രയേറെ ശ്രദ്ധാലുവായിരുന്നു.
രോഗശയ്യയിലും പാര്‍ട്ടിയെ കുറിച്ചായിരുന്നു കോടിയേരിയുടെ ചിന്തകള്‍. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു. അദ്ദേഹം അത്രമേല്‍ പാര്‍ട്ടിയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോഴും അദ്ദേഹം കാണിച്ച മനസ്സാന്നിധ്യം ഏവര്‍ക്കും മാതൃകയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതായിരുന്നു അത്. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം ആ മനസ്സാന്നിധ്യത്തിന് മുന്നില്‍ മാറിനിന്നു. പാര്‍ട്ടിയായി വളര്‍ന്ന് പാര്‍ട്ടിയായ ജീവിച്ച സഖാവ് എന്നും സാധാരണക്കാരന് വേണ്ടി ശബ്ദമുയര്‍ത്തി.
വലിയ മാതൃക തീര്‍ത്താണ് സഖാവ് കോടിയേരി യാത്രയാകുന്നത്. സിപിഐഎമ്മിന് മാത്രമല്ല രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെല്ലാം കനത്ത നഷ്ടമണ് സഖാവിന്റെ വിയോഗം. പകരംവെയ്ക്കാനില്ലാത്ത സഖാവാണ് കോടിയേരി. ചുവന്ന രക്ത നക്ഷത്രമായി അദ്ദേഹം ഞങ്ങള്‍ക്കെല്ലാം ഇനിയും വഴികാട്ടും എന്ന് തീര്‍ച്ചയാണ്. പ്രിയ സഖാവിന്റെ ധീര സ്മരണക്ക് മുന്നില്‍ ലാല്‍ സലാം.

Content Highlights: ep jayarajan about his friendship with kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented