കോഴിക്കോട്: സ്വന്തം ജീവന്‍ വെടിഞ്ഞ് പുഴയില്‍ വീണ അനുജനെയും കൂട്ടുകാരനെയും രക്ഷിച്ച ഫിറോസിന് രാജ്യത്തിന്റെ അംഗീകാരം. ഉന്നത ജീവന്‍രക്ഷാ പുരസ്കാരമായ സര്‍വോത്തം ജീവന്‍ രക്ഷാ പതക് ആണ് ഫിറോസിന് മരണാനന്തര ബഹുമതിയായി ലഭിച്ചത്. 

2018 ജൂലായ് അഞ്ചിനാണ് കണ്ണൂര്‍ ആദികടലായിക്ക് സമീപം കാനാമ്പുഴയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഫിറോസിന്റെ അനുജന്‍ എട്ടാംക്ലാസുകാരനായ ഫഹദും കൂട്ടുകാരന്‍ മുഫാസും പുഴയില്‍വീണത്. ഇവരെ കരയ്ക്ക് കയറ്റുന്നതിനിടെ ഫിറോസ് ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. 

തിരച്ചിലിനൊടുവില്‍ പുഴയില്‍നിന്ന് കണ്ടെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ആന്തരികാവയവങ്ങളില്‍ ചെളിവെള്ളം കയറിയതിനാല്‍ ഉടന്‍തന്നെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഒരുനാടിനെയാകെ ദുഃഖത്തിലാഴ്ത്തി നാലുദിവസത്തിനുശേഷം മരണം ഫിറോസിനെ തട്ടിയെടുത്തു.

ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനിടെയായിരുന്നു ഫിറോസിന്റെ മരണം. പക്ഷേ, തന്റെ ഇഷ്ട ടീമായ ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചതും കപ്പടിച്ചതും കാണാന്‍ അവന് വിധിയുണ്ടായില്ല. അനുജനെയും സുഹൃത്തിനെയും അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തി അവന്‍ മരണത്തിലേക്ക് മുങ്ങിപ്പോയി. 

Content Highlights: ep firoz from kannur adikadalayi kerala, got sarvottam jeevan raksha padak 2020