മന്ത്രി പി.രാജീവ് |ഫോട്ടോ:മാതൃഭൂമി
തിരുനവനന്തപുരം: സംരംഭകരുടെ പരാതിയില്‍ നടപടിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പരിഹാരം നിര്‍ദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയില്‍ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. http://grievanceredressal.industry.kerala.gov.in/login എന്ന പോര്‍ട്ടലിലാണ് പരാതികള്‍ രേഖപ്പെടുത്തേണ്ടത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍നിന്ന് പിഴ ഈടാക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി അവകാശപ്പെട്ടു.
പി.രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം...
ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനത്ത് സംരംഭകരുടെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് അനാവശ്യമായി വൈകിപ്പിക്കുന്ന/വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ടോ? നമ്മുടെ കേരളമാണ് ഈ വിധത്തില്‍ പരാതി പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കാന്‍ സാധിക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം. പൂര്‍ണമായും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സംവിധാനത്തിലേക്ക് സംരംഭകരില്‍നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തണം. പരിഹാരം നിര്‍ദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയില്‍ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകും.
http://grievanceredressal.industry.kerala.gov.in/login എന്ന പോര്‍ട്ടലിലാണ് നിങ്ങളുടെ പരാതികള്‍ രേഖപ്പെടുത്തേണ്ടത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാതല കമ്മിറ്റികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമാണ്. പരാതിയുടെ വിചാരണ വേളയില്‍ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു സിവില്‍ കോടതിക്ക് തുല്യമായ അധികാരങ്ങള്‍ ഉണ്ടായിരിക്കും. മതിയായ കാരണം കൂടാതെ സേവനം നല്‍കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥന്‍ കാലതാമസമോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് ബോധ്യപ്പെട്ടാല്‍ ഈ ഉദ്യോഗസ്ഥനുമേല്‍ പിഴ ചുമത്തുന്നതിനും ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ക്ക് കീഴില്‍ വകുപ്പുതല നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികാര സ്ഥാനത്തോട് ശുപാര്‍ശ ചെയ്യുന്നതിനും സാധിക്കും. സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഉപകാരപ്പെടുന്നതാകും ഈ സംവിധാനം. സംരംഭക സൗഹൃദ കേരളമെന്ന സര്‍ക്കാര്‍ നയം 100% നടപ്പിലാകുന്നതിന് ഈ പരാതി പരിഹാര സംവിധാനം സഹായകമാകും.
Content Highlights: Entrepreneurs' complaint: If there is no action, the officials will be fined
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..