എം. ശിവശങ്കർ ഫോട്ടോ: അഖിൽ.ഇ.എസ
കൊച്ചി: ലൈഫ് മിഷന്റെ മുഴുവന്‍ കരാറുകളും സംശയകരമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 36 പ്രൊജക്ടുകളില്‍ 26 പദ്ധതികളും രണ്ട് പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. ടെന്‍ഡര്‍ നല്‍കുന്നതിന് മുമ്പ് തന്നെ ഈ രഹസ്യവിവരങ്ങള്‍ സ്വപ്‌നയ്ക്ക് ശിവശങ്കര്‍ കൈമാറിയെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഈ രഹസ്യവിവരങ്ങള്‍ ഉപയോഗിച്ചാണ് സ്വപ്ന കോടികള്‍ കൈപ്പറ്റിയതെന്നും ഇഡി പറയുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന സംശയമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി കൊച്ചിയില്‍ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഗുരുതര ആരോപണം ഉള്ളത്.
ലൈഫ് മിഷന്‍ കരാറുകള്‍ സംശയകരമാണ്. കോഴ ഇടപാടിന്റെ ഒരു ഗുണഭോക്താവാണ് എം ശിവശങ്കറെന്ന് സ്വപ്‌ന സുരേഷ് ജയിലില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതി കെ ഫോണ്‍ അടക്കം പല പദ്ധതികളിലും സ്വപ്നയെ ശിവശങ്കര്‍ ഇടപെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും വിവരങ്ങള്‍ സ്വപ്‌നയ്ക്ക് കൈമാറിക്കൊടുത്തു. വലിയ തരത്തില്‍ വേരൂന്നിയ ഗൂഢാലോചനയുണ്ട്. പൊതുജനവിശ്വാസം സൂക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് ഗൗരവമായി കാണണം. ലൈഫ്, കെ ഫോണ്‍ പദ്ധതികളിലെ അഴിമതിയെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകള്‍ സ്വപ്‌ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
ഖാലിദ് സ്വപ്‌നയ്ക്ക് നല്‍കിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയായിരുന്നു. ഈ പണമാണ് ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത്. ശിവശങ്കറുമായി അടുപ്പമുള്ളവരെക്കുറിച്ച് സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് ഡൗണ്‍ടൗണ്‍ പദ്ധതിയുമായി ബന്ധമുണ്ട്. സന്തോഷ് ഈപ്പന് കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികളും വാഗ്ദാനം ചെയ്തിരുന്നു. സന്തോഷ് ഈപ്പനുമായി ശിവശങ്കര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇഡി പറയുന്നു.
ശിവശങ്കര്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നില്‍ വലിയ രീതിയില്‍ വേരൂന്നിയ ഗൂഢാലോചനയുണ്ട്. രാജ്യത്തിന്റെ സാമ്പത്തികനിലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ആള്‍ ഇത്തരത്തില്‍ ചെയ്തത് അതീവഗൗരവത്തോടെ കാണണമെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. വടക്കാഞ്ചേരി പദ്ധതിയില്‍ മാത്രം ഒതുങ്ങുന്നതല്ല ലൈഫ്മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
എം.ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്.
Content Highlight: Entire contracts of the Life Mission are in doubt: ED


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..