എന്റെ കേരളം 2023 മെഗാ പ്രദർശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്നപ്പോൾ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എം.എൽ.എ മാരായ കെ.ജെ മാക്സി, ആന്റണി ജോൺ, കൊച്ചി കോർപറേഷൻ സ്ഥിരം സമിതി അംഗം പി.ആർ റെനീഷ് തുടങ്ങിയവർ സമീപം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ ആശയങ്ങളിലൂന്നി ആവിഷ്‌കരിക്കുന്ന മേള ഏപ്രില്‍ മൂന്ന് മുതല്‍ ഒന്‍പത് വരെയാണ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് മേയ് 20 വരെ മറ്റ് ജില്ലകളില്‍ എന്റെ കേരളം 2023 മേള സംഘടിപ്പിക്കും.
മേളയോടനുബന്ധിച്ച് വ്യത്യസ്തമായ കലാപരിപാടികളും പ്രത്യേക ഫുഡ്‌കോര്‍ട്ടും ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതാകും പ്രദര്‍ശനം. കേരളം ഒന്നാമതെത്തിയ നേട്ടങ്ങളുടെ പ്രദര്‍ശനം, ടൂറിസം നേട്ടങ്ങൾ, സര്‍ക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകള്‍, യുവാക്കള്‍ക്ക് സേവനം നല്‍കുന്ന യൂത്ത് സെഗ്‌മെന്റ്, വിദ്യാഭ്യാസ, തൊഴില്‍, കിഫ്ബി ബ്ലോക്കുകളും വിപണന സ്റ്റാളുകളുമുണ്ടാകും.
എറണാകുളത്തെ മേളയുടെ നടത്തിപ്പിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി രൂപവത്കരിച്ചു. മികച്ച ഏകോപനത്തോടെയും യുവജനങ്ങളുടേത് ഉള്‍പ്പെടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കിയുമാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍ മേളയുടെ നടത്തിപ്പുകാരായി മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. യുവാക്കളുടെ വന്‍ പങ്കാളിത്തം ഉറപ്പാക്കും. കല, കായികം, വിവിധ ആക്ടിവിറ്റികള്‍, സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ തുടങ്ങി വിവിധതരം പരിപാടികള്‍ യുവാക്കള്‍ക്കായി മേളയിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പി.രാജീവാണ് സംഘാടക സമിതി മുഖ്യ രക്ഷാധികാരി. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, കൊച്ചി മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. ജില്ലാകളക്ടര്‍ സംഘാടക സമിതി ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമാണ്. പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജി.സി.ഡി.എ. സെക്രട്ടറി എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. വിവിധ വകുപ്പ് മേധാവികള്‍, കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ കോര്‍പ്പറേഷനുകളുടെയും മേധാവിമാര്‍ എന്നിവര്‍ സംഘാടക സമിതി അംഗങ്ങളാണ്.
പ്രോഗ്രാം, എക്‌സിബിഷന്‍ & സ്റ്റാള്‍ അലോട്ട്‌മെന്റ്, ടെക്‌നിക്കല്‍, കള്‍ച്ചറല്‍, വൊളന്റിയര്‍, പബ്ലിസിറ്റി, ലോ ആന്റ് ഓര്‍ഡര്‍, ഫുഡ് സേഫ്റ്റി & സാനിറ്റേഷന്‍, മെഡിക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ സബ് കമ്മികള്‍ക്കും യോഗത്തില്‍ രൂപം നല്‍കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.എന്‍ ഉണ്ണികൃഷ്ണന്‍, കെ.ജെ മാക്സി, ആന്റണി ജോണ്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സബ് കളക്ടര്‍ പി. വിഷ്ണുരാജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രവി കുമാര്‍ മീണ, കൊച്ചി കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗം പി.ആര്‍. റെനീഷ്, പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍(ഇന്‍ ചാര്‍ജ്) കെ.ജി. സന്തോഷ്, പിആര്‍ഡി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Ente Keralam 2023 Mega Exhibition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..