Representational Image. Photo: Mathrubhumi
തിരുവനന്തപുരം: പാറലോറിക്കാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്നു എന്ന ആരോപണത്തില്‍ സിപിഎമ്മില്‍ അന്വേഷണ കമ്മീഷന്‍. സപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മടവൂര്‍ അനിലിന് എതിരെയാണ് അന്വേഷണം. അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയും പാര്‍ട്ടി ജില്ലാ കമ്മിറ്റി നിയോഗിച്ചു. കേരളാ മൈനിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് മടവൂര്‍ അനില്‍. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരിയുടെ മകന്‍ രഞ്ജിത്ത് ഭാസിയാണ് പരാതി നല്‍കിയത്.
കിളിമാനൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയാണ് മടവൂര്‍ അനില്‍. നഗരൂര്‍ കടവിളയില്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിനായി അദാനിക്കുവേണ്ടി പാറ ഖനനം നടത്തുന്ന ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഇതിലെ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരനാണ് പരാതിക്കാരനായ രഞ്ജിത്ത് ഭാസി. തൊഴിലാളികള്‍ക്ക് കിലോമീറ്ററിന് നാല് രൂപ 50 പൈസ നിരക്കിലാണ് ലോഡ് കയറ്റി വിടുന്നത്. ചില വാഹനങ്ങള്‍ക്ക് 5 രൂപ 25 പൈസയാണ് ഈടാക്കുന്നത്. കൂടുതല്‍ ഈടാക്കുന്നത് പാര്‍ട്ടിക്കുള്ള കമ്മീഷനായി എടുക്കുന്നുവെന്നാണ് പരാതി.
ആനത്തലവട്ടം ആനന്ദന്‍ നേരിട്ടാണ് പരാതി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കൈമാറിയത്. പാര്‍ട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്ന സമയത്തായിരുന്നു കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണവുമായി പാര്‍ട്ടി മുന്നോട്ട് പോയത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി മുരളിയാണ് അന്വേഷണ കമ്മീഷന്‍ കണ്‍വീനര്‍. വര്‍ക്കല എംഎല്‍എ വി. ജോയി, ആറ്റിങ്ങലില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. രാമു എന്നിവരുള്‍പ്പെടുന്നതാണ് അന്വേഷണ കമ്മീഷന്‍.
അതേസമയം, മടവൂര്‍ അനില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. കടവിളയില്‍ തന്റെ നേതൃത്വത്തില്‍ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) രൂപീകരിച്ചിരുന്നു. ഇതില്‍ ലോറി കോണ്‍ട്രാക്ടര്‍മാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതിലെ പ്രതികാരമാണ് ഇപ്പോള്‍ കെട്ടിച്ചമച്ച പരാതി നല്‍കുന്നതിലേക്ക് എത്തിയതെന്നാണ് മടവൂര്‍ അനില്‍ പറയുന്നത്.
Content Highlights: enquiry commission against cpm district leader in thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..