മറിയുമ്മ
തലശ്ശേരി: മണിമണി പോലെ ഇംഗ്ലീഷ് പറഞ്ഞ തലശ്ശേരിയിലെ ഇംഗ്ലീഷ് മറിയുമ്മ എന്ന് വിളിപ്പോരുള്ള മാളിയേക്കല്‍ മറിയുമ്മ ഇനി ഓര്മ. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കുകയെന്നത് ആലോചിക്കാന്‍പോലും കഴിയാതിരുന്ന കാലത്താണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്. ആരോഗ്യത്തെക്കുറിച്ചു ചോദിച്ചാല്‍ മറിയുമ്മ ചിരിച്ചുകൊണ്ട് പറയുന്നത് ഓ വെരിവെല്. നോ ഷുഗര്‍, നോ പ്രഷര്‍, നോ കൊളസ്ട്രോള്‍ എന്നാണ്.
പ്രായമായിട്ടും ഇംഗ്ലീഷ് സംസാരിക്കുകയും ദിവസവും ഇംഗ്ലീഷ് പത്രം വായിക്കുകയും ചെയ്യും. നൂറിലേറെ പഴക്കമുള്ള മാളിയേക്കല്‍ തറവാടിന് സമീപം മകള്‍ ആയിഷക്കൊപ്പമായിരുന്നു മറിയുമ്മയുടെ താമസം. മറിയുമ്മയെ സ്നേഹത്തോടെ പലരും ഇംഗ്ലീഷ് മറിയുമ്മയെന്നാണ് വിളിക്കാറ്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ അവര്‍ സഹിച്ച ത്യാഗം ഏറെയാണ്. തലശ്ശേരി കോണ്‍വെന്റ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒ.വി.റോഡിലെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോള്‍ കോണ്‍വെന്റില്‍ തന്നെ പ്രാര്‍ഥനയ്ക്കും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കി. 1938-1943 കാലത്ത് കോണ്‍വെന്റ് സ്കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു മറിയുമ്മ. വിവാഹശേഷം പഠിക്കാന്‍ ഭര്‍ത്താവ് വി.ആര്.മായിനലിയും പ്രോത്സാഹിപ്പിച്ചു. മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസറായിരുന്നു മായിനലി. ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ 1943-ലായിരുന്നു വിവാഹം. അന്നത്തെ എതിര്‍പ്പുകള്‍ക്ക് കീഴടങ്ങിയെങ്കില്‍ മറിയുമ്മയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നമാകുമായിരുന്നു. തറവാട്ടില്‍നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത് ആയിഷ റൗഫ്, ഡോ. ആമിന ഹാഷിം, അലീമ അബൂട്ടി എന്നിവരാണ്.
മറിയുമ്മയ്ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ പ്രചോദനമായത് ഇവര്‍ മുന്നുപേരുമാണ്. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയായ പിതാവ് എതിര്‍പ്പുകള്‍ക്ക് വിലകല്‍പ്പിച്ചില്ല. അവകാശം എന്നത് എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്ന അഭിപ്രായമായിരുന്നു മറിയുമ്മയ്ക്ക്. ആണെന്നോ പെണ്ണെന്നോ ഭേദചിന്തയില്ല.
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് എം.ഇ.എസ്. യോഗത്തില്‍ ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ മറിയുമ്മയ്ക്ക് അവസരം ലഭിച്ചിരുന്നു. മുസ്ലിം പെണ്‍കുട്ടി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ചരിത്രസംഭവമായിരുന്നു. മദിരാശി നിയമസഭയിലേക്ക് 1952-ല്‍ ബന്ധുവായ ഡോ. ആമിന ഹാഷിം മത്സരിച്ചപ്പോള്‍ ചിറക്കര സ്കൂളില്‍ ബൂത്ത് ഏജന്റായ അനുഭവവും മറിയുമ്മയ്ക്കുണ്ട്. 1957-ലെ തിരഞ്ഞെടുപ്പില്‍ വി.ആര്.കൃഷ്ണയ്യര്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു.
പാചകമത്സരങ്ങളില്‍ വിധികര്‍ത്താവായും
ഇംഗ്ലീഷില്‍ മാത്രമല്ല പാചകമത്സരങ്ങളില്‍ വിധികര്‍ത്താവായി മറിയുമ്മ. തലശ്ശേരിയിലും പരിസരത്തും കണ്ണൂരിലുമെല്ലാം പാചകമത്സര വേദികളില്‍ വിധികര്‍ത്താവായി അവര്‍ തിളങ്ങി. ഓരോ ഇനവും രുചിച്ചും പരിശോധിച്ചുമാണ് അവര്‍ മാര്‍ക്കിട്ടത്. 2010-ല്‍ മാതൃഭൂമി ഗൃഹലക്ഷ്മിവേദി കണ്ണൂരില്‍ നടത്തിയ പാചകറാണി മത്സരത്തില്‍ വിധി കര്‍ത്താവായിരുന്നു ഇവര്‍.
മലബാറിലെ തനതായ വിഭവങ്ങള്‍ രുചിയോടെ തയ്യാറാക്കിയ മറിയുമ്മയുടെ സ്പെഷ്യല്‍ വിഭവങ്ങള്‍ കൈവീശല്‍, പഞ്ചാരപ്പാറ്റ്, ചട്ടിപ്പത്തിരി, കോഴിനിറച്ചത്, മുട്ടമാല എന്നിവയാണ്.
പുരോഗമന ആശയങ്ങളുടെ തറവാട്ടില്‍നിന്ന്
തലശ്ശേരി മേഖലയില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി പകല്‍ കല്യാണം നടത്തിയത് മാളിയേക്കലാണ്. രാഷ്ട്രീയപരമായി എന്നും ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന പാരമ്പര്യമാണ് മാളിയേക്കല്‍ തറവാടിന്റേത്. എ.കെ.ജി., സി.എച്ച്.കണാരന് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കള്‍ പലരും മാളിയേക്കലില്‍ വന്നിട്ടുണ്ട്. കെ.പി.കേശവമേനോന്, പനമ്പിള്ളി ഗോവിന്ദമേനോന്, എ.വി.കുട്ടിമാളു അമ്മ എന്നീ നേതാക്കളെല്ലാം തറവാട്ടിലെ സന്ദര്‍ശകരായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പ ഇവിടെ അതിഥിയായി പലതവണ എത്തിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എസ്.എ.ഡാങ്കേയ്ക്ക് പാര്‍ട്ടിഫണ്ടിലേക്ക് മാളിയേക്കല്‍ തറവാട്ടിലെ ടി.സി.പോക്കൂട്ടി സംഭാവനയായി നല്‍കിയത് ഭാര്യയുടെ ആഭരണമാണ്.
തലശ്ശേരി വര്‍ഗീയകലാപകാലത്ത് ഒട്ടേറെ പേര്‍ക്ക് ഈ വീട് അഭയമായിരുന്നു. കലാപത്തെത്തുടര്‍ന്ന് സമാധാനയോഗം നടന്നത് മാളിയേക്കലിന്റെ മുറ്റത്താണ്. തറവാട്ടിലെ ആമിന മാളിയേക്കല്‍ നഗരസഭാ ചെയര്‍പേഴ്സണായിരുന്നു. ടി.സി.ആബൂട്ടി ഹാജി നഗരസഭ വൈസ് ചെയര്‍മാനായിരുന്നു. തറവാട്ടിലെ പി.എം.മഷൂദിന്റെ നേതൃത്വത്തില്‍ ഗാനമേള സംഘമുണ്ടായിരുന്നു, അതാണ് ബ്ലൂജാക്സ്. പഴശ്ശിരാജ, പാലേരി മാണിക്യം, തട്ടത്തിന് മറയത്ത്, അന്‍വര്‍, ദൈവനാമത്തില്‍ എന്നീ സിനിമകള്‍ മാളിയേക്കലിന്റെ അകത്തളങ്ങളില്‍ ചിത്രീകരിച്ചു. ദൈവനാമത്തില്‍ എന്ന സിനിമയില്‍ മറിയുമ്മ അഭിനയിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..