ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജു (39), മക്കളായ ജീവ (ആറ്), ജാൻവി (നാല്) എന്നിവരെ സംസ്കരിക്കുന്നതിനുമുമ്പ്, കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്കൊപ്പമുള്ള കളിപ്പാട്ടം, കുട, പുസ്തകങ്ങൾ തുടങ്ങിയവ എടുത്തുമാറ്റുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്
വൈക്കം: കൊഞ്ചിച്ച് കൊതിതീരാത്ത കുരുന്നുകളുടെ ഓർമയിൽ അവർക്കിനി ചേർത്തുവെക്കാൻ പാവയും ബുക്കുകളും മുത്തുക്കുടയും. മകളും കൊച്ചുമക്കളും ചേതനയറ്റ് മുറ്റത്തെത്തവേ വൈക്കം കുലശേഖരമംഗലം ആറാക്കൽ വീട് സങ്കടത്തുരുത്തായി. ആറാക്കൽ അശോകന്റെ മകൾ അഞ്ജു (39), മക്കളായ ജീവ (ആറ്), ജാൻവി (നാല്) എന്നിവരാണ് ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ മൃതദേഹത്തിനൊപ്പം വെച്ചിരുന്ന പാവയും ബുക്കുകളും മുത്തുക്കുടയും മാറ്റുമ്പോൾ കണ്ണീരടക്കാൻ നാട് പാടുപെട്ടു.
ഡിസംബർ 15-ന് രാത്രിയിലാണ് ഇവരെ ഇംഗ്ലണ്ടിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലേവാലിൽ സാജു(52)വിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ശനിയാഴ്ച 8.05-നാണ് മൃതദേഹങ്ങൾ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽനിന്ന് നെടുമ്പാശ്ശേരിയിലെത്തിച്ചത്. വീട്ടിലെത്തിച്ച മൃതദേഹങ്ങൾ മൂവാറ്റുപുഴയാറിന്റെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിനു വെച്ചു. ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഒരുമണിയോടെ മൃതദേഹങ്ങൾ സംസ്കരിച്ചു.
അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ. ഉപദേശകസമിതി അംഗവുമായ മനോജ് മാത്യു മൃതദേഹങ്ങളെ അനുഗമിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, തോമസ് ചാഴികാടൻ എം.പി., സുരേഷ് ഗോപി തുടങ്ങിയവരാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
.jpg?$p=e87d321&&q=0.8)
കണ്ണീർപ്പുഴയായി ഇത്തിപ്പുഴ; അന്തിമോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
വൈക്കം: ശാന്തമായി ഒഴുകിയ മൂവാറ്റുപുഴയാറിന്റെ തീരത്ത് കാത്തുനിന്ന വൻ ജനാവലിക്കിടയിലൂടെ മൂന്ന് ആംബുലൻസുകൾ വന്നുനിന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് ആദ്യം ചേതനയറ്റ അഞ്ജുവിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് എടുത്തുവെച്ചു. പിന്നാലെ മക്കളായ ജീവയുടെയും ജാൻവിയുടെയും മൃതദേഹങ്ങൾ അഞ്ജുവിന്റെ ഇടത്തും വലത്തുമായിവെച്ചപ്പോൾ നാട് ഒന്നാകെ കരഞ്ഞു.
മൃതദേഹങ്ങൾക്കരികിലിരുന്ന് കരഞ്ഞ അഞ്ജുവിന്റെ അച്ഛൻ അശോകനെയും ഭാര്യ കൃഷ്ണമ്മയെയും സഹോദരി അശ്വതിയെയും സമാധാനിപ്പിക്കാൻ ഉറ്റബന്ധുക്കൾക്കുപോലുമായില്ല.
പലരും നിസ്സഹായരായി നോക്കിനിന്നു. തളർന്നുവീണ മൂവരെയും പിന്നീട് വീട്ടിലേക്ക് മാറ്റി. മൂന്ന് മണിക്കൂറോളം മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചു. ഒട്ടേറെയാളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ആറാക്കൽ വീട്ടിലെത്തിയത്. തുടർന്ന്, വീടിന് മുൻപിൽ നേരത്തേ തയ്യാറാക്കിയ ചിതകളിൽ മൃതദേഹങ്ങൾ സംസ്കരിച്ചു. അശോകന്റെ സഹോദരൻ മനോഹരന്റെ മകൻ ഉണ്ണി ചിതകൾക്ക് തീകൊളുത്തി.
മന്ത്രി റോഷി അഗസ്റ്റിൻ, സി.കെ. ആശ എം.എൽ.എ., ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, എൻ.സി.പി. സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, കെ.പി.സി.സി. അംഗം മോഹൻ ഡി.ബാബു,മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, എസ്.എൻ.ഡി.പി. വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ തുടങ്ങിയവരുൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

ബ്രിട്ടീഷ് പോലീസ് വൈക്കത്തേക്ക്
വൈക്കം: വൈക്കം സ്വദേശിനി അഞ്ജുവും മക്കളായ ജീവയും ജാൻവിയും ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനായി ബ്രിട്ടീഷ് പോലീസ് സംഘം വൈക്കത്ത് എത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പോലീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറും വൈക്കത്തേക്ക് എത്തുമെന്നാണ് സൂചന.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾക്കൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ചില അനുമതികൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും വൈക്കത്തെത്തും. സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കാനും തുടരന്വേഷണത്തിനുമായുമാണ് പോലീസ് നാട്ടിലെത്തുന്നത്. കേസിലെ പ്രതിയായ അഞ്ജുവിന്റെ ഭർത്താവ് സാജുവിനെക്കുറിച്ചുള്ള വിവരങ്ങളും ബന്ധുക്കളിൽനിന്നു ചോദിച്ചറിയുമെന്നാണ് സൂചന.
ഇത് അവരുടെ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മൃതദേഹങ്ങളെ അനുഗമിച്ചെത്തിയ ഇടുക്കി കട്ടപ്പന സ്വദേശിയും അഞ്ജുവിന്റെ സഹപ്രവർത്തകനുമായ മനോജ് മാത്യു പറഞ്ഞു.
നെസ്റ്റ് ഓഫ് കിൻ ആയി മനോജ് മാത്യു
വൈക്കം: ബ്രിട്ടനിലെ നെസ്റ്റ് ഓഫ് കിൻ(അടുത്ത ബന്ധു)ആയി നിന്നത് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി കട്ടപ്പന സ്വദേശിയുമായ മനോജ് മാത്യുവാണ്. മൂവരും കൊല്ലപ്പെട്ട ഡിസംബർ 15 മുതൽ ബ്രിട്ടനിലെ എല്ലാ കാര്യങ്ങൾക്കും മുൻകൈയെടുത്തത് മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മലയാളി സംഘമാണ്. കൊലപാതകമായതിനാൽ ബ്രിട്ടീഷ് പോലീസിന്റെ വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ വിട്ടുനൽകിയത്. എല്ലാത്തിനും മുന്നിൽ നിന്നത് മനോജ് മാത്യുവാണ്. അഞ്ജുവും കുടുംബവും താമസിച്ചിരുന്ന കെറ്ററിങ്ങിലെ വീടിന് തൊട്ടടുത്താണ് മനോജ് മാത്യുവും കുടുംബവും താമസിക്കുന്നത്. ഒരുവർഷമായി അഞ്ജുവിനെയും സാജുവിനെയും മക്കളായ ജീവയെയും ജാൻവിയെയും അറിയാമെന്ന് മനോജ് മാത്യു പറഞ്ഞു.
Content Highlights: england nurse anju and daughters body cremated
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..