ബസ് സ്റ്റോപ്പിലെ ഇരിപ്പടം പങ്കുവെച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ. കെ.എസ്. ശബരീനാഥൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo:facebook.com/SabarinadhanKS
തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സിഇടി)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതുസംബന്ധിച്ച് സിഇടി കോളേജിലെ മുന്‍ വിദ്യാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥനടക്കം പലരും ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയിട്ടത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. ബെഞ്ച് മുറിച്ച് മാറ്റിയതില്‍ പ്രതിഷേധിച്ച് പുതിയ സീറ്റുകളില്‍ ഒന്നിച്ചുകൂടിയെന്നാണ് ശബരിനാഥന്റെ പോസ്റ്റില്‍ പറയുന്നത്.
ബസ്കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് സീറ്റുകളാക്കി മാറ്റിയത് സ്ഥലത്തെ റെസിഡന്‍സ് അസോസിയേഷനാണ്. നാട്ടുകാര്‍ക്ക് വേണ്ടി നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇതെന്നും അതവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പുതുക്കി പണിയുകയാണ് ചെയ്തതെന്നുമാണ് ഇക്കാര്യത്തില്‍ റെസിഡന്‍സ് അസോസിയേഷന് നല്കുന്ന വിശദീകരണം.

നാളുകളായി തകര്‍ന്നുകിടന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയുക മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അസോസിയേഷന് പറയുന്നത്. ബെഞ്ച് മുറിച്ച് ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ സീറ്റാക്കി മാറ്റുകയാണ് ചെയ്തത്. ഇപ്പോള്‍, മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് സീറ്റ് നിര്‍മിച്ചിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രം നാട്ടുകാര്‍ക്ക് വേണ്ടി നിര്‍മിച്ചതാണ്. പക്ഷെ പ്രായമായവര്‍ വന്നാല്‍ പോലും മാറിക്കൊടുക്കാതെയാണ് കുട്ടികള്‍ അതില്‍ കിടക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബെഞ്ചായതുകൊണ്ടല്ലെ കിടക്കുന്നത്. സീറ്റാകുമ്പോള്‍ കിടപ്പ് ഒഴിവാകുമല്ലോ. ഇവിടെ ബസ് കയറാന്‍ വരുന്നവര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. അവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ഇത്. സത്യത്തില്‍ നാട്ടുകാര്‍ കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിതതില്‍ സന്തോഷിക്കുന്നവരാണ്. നിരവധി തവണ ഇക്കാര്യത്തില്‍ ആളുകള്‍ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസിലുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതുകൊണ്ടാണ് ഇപ്പോള്‍ പുതുക്കി പണിയാണ് തീരുമാനിച്ചത്, അസോസിയേഷന് പറയുന്നു.

എന്നാല്‍, ഒഴിവുസമയങ്ങളില്‍ ഒത്തുചേര്‍ന്നിരിക്കാനായി തങ്ങളെത്തുന്ന സ്ഥലമാണിതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ആണും പെണ്ണും ഒന്നുചേര്‍ന്നിരിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് മനസിലാകാത്തത്
വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നിരിക്കുന്ന സമയത്ത് രൂക്ഷമായ നോട്ടമുള്‍പ്പെടെ നേരിടേണ്ടി വരുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രവൃത്തിയെന്ന് കരുതുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര് ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ ഇതിനോട് പ്രതികരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. തുടര്‍ന്ന് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..