കൊച്ചി: കോവിഡ്  പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാന ചുമതലകള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഐ.എം.എ നിലപാടിന് മറുപടിയുമായി ഐജി വിജയ് സാഖറെ. യുദ്ധം കോവിഡിന് എതിരായിട്ടാണെന്നും പോലീസ് ആരുടേയും ശത്രുവല്ലെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് വ്യാപനം രൂക്ഷമായ കാസര്‍കോട് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ പോലീസ് സേന ഫലപ്രദമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പോലീസിനെ ഈ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കോവിഡിന് എതിരായ യുദ്ധമാണ്. പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ല. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിച്ചായിരിക്കും പോലീസ് പ്രവര്‍ത്തിക്കുന്നത്. കൺടെയ്ൻമെന്‍റ് സോണുകള്‍ തീരുമാനിക്കുന്നതിനുളള പ്രാഗത്ഭ്യം പോലീസിന് ഉണ്ടെങ്കില്‍ക്കൂടി ഇക്കാര്യത്തിലുള്‍പ്പടെ ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

കൺടെയ്ൻമെന്‍റ് സോണുകളിലുളള ആളുകളെ വീടുവിട്ട് പുറത്തിറങ്ങുന്നതില്‍ നിന്ന് തടയുന്നതിന് പോലീസിന് സാധിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് കൃതമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് പോലീസ് എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. പോലീസ് ഒറ്റയ്‌ക്കൊരു നിലപാട് എടുക്കുന്നു എന്നതില്‍ നിന്ന് ഭിന്നമായി എല്ലാ വകുപ്പുകളുമായി സഹകരിച്ച് കോവിഡ് പ്രതിരോധത്തിന് പോലീസ് നേതൃത്വം നല്‍കുന്നുവെന്ന്മാത്രം കണക്കാക്കുകയാണ് വേണ്ടതെന്നും ഐജി വിജയ് സാഖറെ പറഞ്ഞു.

Content highlights: Engaging police in contact tracing: IG Vijay Sakhare reacts on IMA's warning