തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസില്‍ നിന്ന് എഫ്.ഐ.ആര്‍. വിവരങ്ങള്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

കേസ് സംബന്ധിച്ച് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അവര്‍ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയില്‍ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്ന ഇഡി. എന്നാല്‍ തുടര്‍ന്നാണ് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി ഇഡിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. പത്ത് ദിവസത്തെ സാവകാശമാണ് ഇക്കാര്യത്തില്‍ ഇഡി ആവശ്യപ്പെട്ടത്. 

ഈ ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇ.ഡി. ആരംഭിച്ചിരിക്കുന്നത്. ഇ.ഡി. പോലീസില്‍ നിന്ന് കേസിന്റെ എഫ്‌ഐആര്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. കോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തില്‍ കേസ് തങ്ങളുടെ പരിധിയില്‍ വരുമോ എന്നകാര്യമാണ് ഇഡി പരിശോധിക്കുന്നത്. 

ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കുഴല്‍പ്പണ കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന വിവിധ കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു. തങ്ങളുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്ന നിലപാടിലായിരുന്നു ഇഡി. ഇക്കാര്യത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

Content Highlights: Enforcement Directorate starts primary enquiry in Kodakara black money case