കൊച്ചി: കൊടകര കേസിൽ അന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിശദമായ സത്യവാങ്മൂലത്തിന് രണ്ടാഴ്ചത്തെ സമയം വേണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം 25 ന് തന്നെ സംഭവവുമായി ബന്ധപ്പെട്ട് പ്രാരംഭ കേസന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയൽ ഓപ്പൺ ചെയ്തു എന്നാണ് ഇ ഡിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ഇ ഡി തയ്യാറാണ് അതിന് രണ്ടാഴ്ചത്തെ സമയം വേണമെന്നും ഇ ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതി അത് അനുവദിക്കുകയും ചെയ്തു.

നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും ഈ കേസ് ഏറ്റെടുക്കുന്നില്ലെന്നാണ് ഹർജിക്കാരനായ സലിം മുടവൂരിന്റെ ആരോപണം. ഈ ആരോപണം ഹൈക്കോടതിയുടെ മുന്നിലെത്തിയ സമയത്താണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ബി ജെ പി സംസ്ഥാന നേതൃത്വം ഉൾപ്പെട്ടിട്ടുള്ള കൊടകര കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് തയാറാകുന്നില്ലായെന്ന രാഷ്ട്രീയ ആരോപണമാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.


Content Highlights:Enforcement directorate starts enquiry on Kodakara blackmoney case