കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന ഒരു മുഖം മൂടി മാത്രമാണെന്നും മുഖംമൂടിക്ക് പിന്നിൽ ശിവശങ്കറാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടററ്റ്. ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം തന്റെ താത്‌പര്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കർ ശ്രമിച്ചതെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കറിന് അറിയാമെന്നതിന് തെളിവ് കോടതിയിൽ ഹാജരാക്കി. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും സ്വപ്നയുടെ മൊഴിയുമാണ് മുദ്രവെച്ച കവറിൽ ഇ ഡി കോടതിയിൽ സമർപ്പിച്ചത്.

സംസ്ഥാന സർവീസിലെ മുതിർന്ന ഐ എ എസ് ഉദ്യോ​ഗസ്ഥനെന്ന നിലയിൽ ശിവശങ്കറിനെ ജാമ്യത്തിൽ വിട്ടാൽ കേസിനെ സ്വാധീനിക്കുമെന്നാണ് ഇ.ഡി.കോടതിയിൽ വ്യക്തമാക്കിയത്. ഇതിന്റെ കാരണമായി ഇ ഡി ചൂണ്ടിക്കാണിച്ചത് ഉന്നത സ്വാധീനവും ശിവശങ്കറിനെതിരായ തെളിവുകളുമാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേവലം അറിവ് മാത്രമല്ല ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും സ്വർണക്കടത്തിന് ഒത്താശ ചെയ്തു. കിട്ടുന്ന പണം എവിടെ നിക്ഷേപിക്കണമെന്ന നിർദ്ദേശം നൽകിയെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി.

ഇരുവരും ചേർന്ന് സ്വപ്നയുടെ പേരിൽ മറ്റൊരു ലോക്കർ കൂടി തുറക്കാൻ പദ്ധതിയിട്ടിരുന്നതായും ഇ ഡി കോടതിയിൽ വ്യക്തമാക്കി.
ബാ​ഗ് വിട്ട്കിട്ടുന്നതിനും ശിവശങ്കർ ഇടപെടൽ നടത്തിയിട്ടുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരം കസ്റ്റംസിനെ വിളിച്ചെന്നും ശിവശങ്കർ സമ്മതിച്ചിട്ടുണ്ടെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയെന്നും ശിവശങ്കറിന്റെ ജാമ്യ ഹർജി എതിർത്തുകൊണ്ട് സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് പി റാവു വാദിച്ചു.

Content Highlights:Enforcement against bail plea of M sivasankar