റെവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കുന്നു | Photo - screengrabmathrubhumi
ഇടുക്കി: വാഗമണ്ണില്‍ റെവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ കൈയേറ്റം ഒഴിപ്പിക്കല്‍. വിവിധ ഗ്രൂപ്പുകളുടെ കൈവശമുണ്ടായിരുന്ന 79 ഏക്കര്‍ ഭൂമിയാണ് ഒഴിപ്പിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് നടപടി. അടുത്ത കാലത്തെ ഏറ്റവും വലിയ കൈയേറ്റം ഒഴിപ്പിക്കലുകളില്‍ ഒന്നാണ് ഇന്ന് നടന്നത്.
2011-12 കാലത്ത് മൂന്നാറില്‍ ഉണ്ടായിരുന്ന പ്രത്യേക ദൗത്യസംഘം 79 ഏക്കറിലേത് കൈയേറ്റമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് നടപടികള്‍ വൈകി. മാതൃഭൂമി ന്യൂസ് നിരന്തരം വാര്‍ത്തകള്‍ നല്‍കിയതോടെയാണ് വിഷയത്തില്‍ റെവന്യൂ വകുപ്പ് വീണ്ടും പരിശോധന നടത്തിയത്. കോടതിയില്‍നിന്ന് അനുകൂല വിധി വന്നതോടെ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.
24 പട്ടയങ്ങള്‍ ഉപയോഗിച്ച് 79 ഏക്കര്‍ കൈവശപ്പെടുത്താനാണ് ഉടമകളെന്ന് അവകാശപ്പെടുന്ന വ്യക്തികളും ഗ്രൂപ്പുകളും ശ്രമിച്ചത്. എന്നാല്‍ മറ്റൊരിടത്ത് അനുവദിച്ച പട്ടയങ്ങളുടെ മറവില്‍ പരിസ്ഥിതി പ്രാധാന്യമുള്ള 79 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകളും ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് 79 ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പലതവണ നോട്ടീസയച്ച് ഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കൈവശം വച്ചിരുന്നവര്‍ക്ക് നോട്ടീസ് നല്കി. എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന അവര്‍ പലതവണ ഹിയറിങ്ങിന് ഹാജരാകുകയും തങ്ങളുടെ കൈവശമുള്ള ഭൂമിയിടെ കാര്യത്തില്‍ ക്ലെറിക്കല്‍ പിഴവാണ് സംഭവിച്ചതെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.
Content Highlights: Encroachment Vagamon revenue department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..