വൈത്തിരി (വയനാട്): ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വേല്‍മുരുകന്‍ എന്ന മാവോവാദി നേതാവ് കൊല്ലപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം. എന്നാല്‍, പോലീസ് ഇത് സ്ഥിരീകരിച്ചില്ല. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

ആയുധധാരികളായ മൂന്ന് മാവോവാദികളാണ് റിസോര്‍ട്ടിന് സമീപം എത്തിയത്. ബുധനാഴ്ച രാത്രി മാവോവാദികള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെ റിസോര്‍ട്ടിനുസമീപത്ത് മാവോവാദികള്‍ എത്തുകയും റിസോര്‍ട്ടിലുള്ളവരോട് പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് പോലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കി. മാവോവാദികള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് കടക്കുകയും ഇവിടെവെച്ച് വേല്‍മുരുകന്‍ കൊല്ലപ്പെട്ടെന്നുമാണ് കരുതുന്നത്.

wayanad
ഫോട്ടോ: പി.ജയേഷ് 

ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുമ്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്കുമുമ്പേ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.

WAYANAD
വെടിവെപ്പ് നടന്ന ലക്കിടി ഉപവന്‍ റിസോര്‍ട്ടിനു സമീപത്തെ കാഴ്ച്ച. ഫോട്ടോ: പി.ജയേഷ് 

ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെത്തിയ മാവോവാദികള്‍ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും മാവോവാദി അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊഴുതന സേട്ടുക്കുന്നില്‍ വീണ്ടും മാവോവാദികളെത്തുകയും സമീപത്തെ വീട്ടില്‍നിന്ന് കട്ടന്‍ചായ വാങ്ങി മടങ്ങുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനായി പോലീസ് സുഗന്ധഗിരിയില്‍ പോലീസ് ഔട്ട് പോസ്റ്റ് തുറന്നിരുന്നു.

content highlights: encounter between thunder bolt and maoists in wayanad