തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയ രക്ഷക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് വെടിവെച്ചപ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി നിയസഭയില്‍ വ്യക്താക്കി.

അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ മേലെ മഞ്ചക്കണ്ടി ഊരിനുസമീപം തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ അപ്രതീക്ഷിതമായി വെടിവെപ്പുണ്ടാകുകയായിരുന്നു. ഈ ഘട്ടത്തിലാണ് സ്വയരക്ഷാര്‍ത്ഥം തിരിച്ച് വെടിവെപ്പുണ്ടായത്.

എ.കെ.47 അടക്കമുള്ള ആധുനിക ആയുധങ്ങള്‍ മാവോവാദികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് കേസുകള്‍ അഗളി പോലീസ് രജിസ്റ്റര്‍ ചെയ്തു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട്‌ മുസ്ലിം ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷം ഇന്ന് സഭയില്‍ ആരോപിച്ചു. എന്താണ് അവിടെ സംഭവിച്ചതെന്ന് എല്ലാവര്‍ക്കും സംശയമുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകരേയടക്കം കാടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഏറ്റുമുട്ടലാണ് നടന്നിരിക്കുന്നതെങ്കില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗത്ത് നിന്ന് ആര്‍ക്കെങ്കിലും ചെറിയ പരിക്കെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. ഇത് ഏകപക്ഷീയമായ വെടിവെപ്പാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രതിപക്ഷം ഉന്നയിച്ചു.

മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ഭരണപക്ഷത്തുള്ള സി.പി.ഐ.യില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുണ്ടായിരുന്നു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എം.പി. എന്നിവരാണ് വിമര്‍ശനവുമായെത്തിയത്.

Content Highlights: encounter at attapadi maoists killed