തിരുവനന്തപുരം: എം.സി റോഡിലെ ഏനാത്ത് പാലത്തിന് നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ട് പതിറ്റാണ് പൂര്‍ത്തിയാകുന്നതിനിടെ ബലക്ഷയം സംഭവിച്ചതിനെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തും. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

നിര്‍മ്മാണത്തിലെ അപാകവും അഴിമതിയും മൂലമാണ് പാലത്തിന് ബലക്ഷയമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന വിവരങ്ങള്‍ വകുപ്പുതല അന്വേഷണത്തില്‍ ലഭിച്ചുവെന്നാണ് സൂചന. പാലത്തിന്റെ തൂണുകള്‍ക്ക് ഗുരുതര ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് എം.സി റോഡില്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.

പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര ബലക്ഷയം കണ്ടെത്തിയത്. കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഗതാഗതം വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക പാലം നിര്‍മ്മിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.