തീപ്പിടിത്തമുണ്ടായപ്പോൾ അണയ്ക്കാൻശ്രമിക്കുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ, എം.ബി. രാജേഷ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് വിശാലമായ അധികാരമാണുള്ളതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കമ്മിറ്റിക്ക് ദുരന്ത നിവാരണ നിയമത്തിലെ 24 (L) പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
ഉത്തരവനുസരിച്ച് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കാനും പ്രചാരണ ക്യാമ്പേയിനുകൾ കോര്‍പറേഷൻ മുഖേന നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കാനും എംപവേര്‍ഡ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. നിര്‍ദേശം ഏതെങ്കിലും കാരണവശാൽ കോര്‍പറേഷൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രവര്‍ത്തനം നേരിട്ട് ഏറ്റെടുത്ത് നടത്താനും കമ്മിറ്റിക്കാകും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം തയ്യാറാക്കി കോര്‍പറേഷൻ കൗൺസിലിന് മുൻപാകെ എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കാം. നിര്‍ദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ നടപ്പിലാക്കാതിരിക്കുകയോ തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേര്‍ഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നല്‍കി പദ്ധതി നടപ്പിലാക്കാനാകും. ആവശ്യമായ ഫണ്ട് കോര്‍പറേഷനോട് ലഭ്യമാക്കാൻ നിര്‍ദേശിക്കാം. ഫണ്ട് ഉപയോഗത്തിന് പിന്നീട് ജില്ലാ ആസൂത്രണ സമിതിക്ക് നല്‍കി സാധൂകരണം നല്‍കിയാല്‍ മതി. സുലേഖ സോഫ്റ്റ് വെയറിൽ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
ഇതോടൊപ്പം മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നടപടികള്‍ ഏതെങ്കിലും കാരണവശാൽ കോര്‍പറേഷൻ സ്വീകരിക്കാത്ത സാഹചര്യമുണ്ടായാൽ ഇത്തരം നടപടികൾ നേരിട്ട് സ്വീകരിച്ച് നടപ്പിലാക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ചും വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്‌കരണത്തിന് ഉപാധികള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും കമ്മിറ്റി ശ്രദ്ധിക്കും. പൊതു ഇടങ്ങള്‍ മാലിന്യമുക്തമായി സൂക്ഷിക്കാനും ജലാശയങ്ങള്‍ മലിനമാകാതെ സംരക്ഷിക്കാനുമുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കുന്നതും കമ്മിറ്റിയുടെ കീഴിൽ പരിശോധിക്കും.
ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോര്‍പറേഷനിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിന് ശാശ്വത പരിഹാരം കാണുന്നതിനാണ് എംപവേര്‍ഡ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനും ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ കൺവീനറുമായ കമ്മിറ്റിയിൽ വിവിധ വിഭാഗത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരായ പതിമൂന്ന് അംഗങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
Content Highlights: Empowered committee to ensure waste management in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..